എസ്‌ഐആര്‍: പ്രവാസികളുടെ അപേക്ഷ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
പാലക്കാട്: എസ്‌ഐആറില്‍ പ്രവാസികള്‍ നല്‍കിയ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിസ്സാരമായ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷകള്‍ തള്ളിയത്. ബന്ധുവിന്റെ എപ്പിക് നമ്പര്‍ രേഖപ്പെടുത്തിയില്ല, ജനന സ്ഥലം ചേര്‍ത്തില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് വോട്ട് വെട്ടിയത്. വിവരങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഓപ്ഷനും ഉണ്ടായിരുന്നില്ല. ഇതോടെ നിരവധി പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.
ഒമാനില്‍ പ്രവാസിയായ എറണാംകുളം സ്വദേശിനിയുടെ ഫോം 6 അ പ്രകാരം നല്‍കിയ അപേക്ഷ നിരസിച്ചതിന് കാരണമായി കമ്മീഷന്‍ വെബ്‌സൈറ്റില്‍ പറയുന്നത് ബന്ധുവിന്റെ എപ്പിക് നമ്പര്‍ രേഖപ്പെടുത്തിയില്ല എന്നാണ്.
എന്നാല്‍ ബന്ധുവിന്റെ എപ്പിക് നമ്പര്‍ നല്‍കാന്‍ ഫോം 6 അ യില്‍ ഓപ്ഷന്‍ ഇല്ല. ഫോം 6ല്‍ ഈ ഓപ്ഷന്‍ ഉണ്ട്. പ്രവാസി അപേക്ഷകര്‍ക്കും ഇതിന് സമാനമായ ഒപ്ഷന്‍ വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും കമ്മീഷന്‍ അത് പരിഗണിച്ചില്ല. ഇപ്പോള്‍ അതേ കാരണം പറഞ്ഞ് അപേക്ഷകള്‍ തള്ളുകയാണ്.
സൗദിയില്‍ പ്രവാസിയായ എറണാകുളം സ്വദേശിയുടെ അപേക്ഷ തള്ളിത് അപേക്ഷകന്റെ ബൂത്ത് മാറി എന്ന കാരണം പറഞ്ഞാണ്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറാണ് 6 എ അപേക്ഷകള്‍ ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ക്ക് അയക്കുന്നത്. ബൂത്ത് മാറിയെന്ന കാരണം പറഞ്ഞ് അപേക്ഷ തള്ളുന്നതും ഇതേ ഇആര്‍ഒമാര്‍ തന്നെ.
ഇന്ത്യക്ക് പുറത്ത് ജനിച്ചവരില്‍ നിന്ന് ലഭിച്ച അപേക്ഷകളാണ് ഇതുപോലെ ജനന സ്ഥലം രേഖപെടുത്തിയില്ല എന്ന കാരണത്താല്‍ തള്ളിയത്. എന്നാല്‍ വിദേശത്ത് ജനിച്ചവര്‍ക്ക് ജനന സ്ഥലം ഓണ്‍ലൈനായി ചേര്‍ക്കാന്‍ കമ്മീഷന്‍ അവസരം നല്‍കിയിരുന്നില്ല. നേരിട്ട് അപേക്ഷ നല്‍കിയ ആളുകളുടെ അപേക്ഷയാണ് നിലവില്‍ തള്ളിയിരിക്കുന്നത്.
