ടെക്‌സസില്‍ ഇന്ത്യന്‍ വംശജനായ സിഖ് പോലിസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സിഖ് പോലിസ് ഉദ്യോഗസ്ഥന്‍ ടെക്‌സസില്‍ വെടിയേറ്റു മരിച്ചു. ടെക്‌സസ് ഡെപൂട്ടി പോലിസ് ഓഫിസര്‍ സന്ദീപ് സിങ് ദാലിവാലാണ് കൊല്ലപ്പെട്ടത്. സിഖ് വിഭാഗത്തില്‍ നിന്ന് ആദ്യമായി ഹൂസ്റ്റണില്‍ പോലിസ് സേനയിലെത്തിയയാളാണ് സന്ദീപ്. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ദാലിവാല്‍ ടെക്‌സസിലെ ഹാരിസ് കൗണ്ടിയിലെ ട്രാഫിക് സ്‌റ്റോപ്പില്‍ ഗതാഗത നിയമം തെറ്റിച്ചതിനു ഇതവഴി കാറില്‍ വന്ന മൂന്നുപേരെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ ഒരു യാത്രക്കാരന്‍ വെടിവച്ചെന്നാണ് റിപോര്‍ട്ട്. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കാറില്‍ ഉണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെടിവയ്പ് നടത്തിയ ശേഷം അവരിലൊരാള്‍ സമീപത്തെ ഷോപ്പിങ് സെന്ററിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടതായി പോലിസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടെയുള്ളവരെ പോലിസ് കസ്റ്റഡിയിലെടുത്തു.
10 വര്‍ഷമായി ഹാരിസ് കൗണ്ടി പോലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു സന്ദീപ് ദാലിവാല്‍. സിഖ് വിഭാഗത്തിന്റെ ആചാരത്തിന്റെ ഭാഗമായ തലപ്പാവും താടിയും ഡ്യൂട്ടി സമയത്ത് ധരിക്കാന്‍ സന്ദീപിന് പോലിസ് അനുമതി നല്‍കിയിരുന്നു. സന്ദീപ് എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്നും ബഹുമാനത്തോടെയും അഭിമാനത്തോടെയുമാണ് അദ്ദേഹം തന്റെ സമുദായത്തെ പ്രതിനിധീകരിച്ചതെന്നും പോലിസ് വകുപ്പ് മേധാവി പറഞ്ഞു. ഒരുവാട് സഹാങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൂന്നു കുട്ടികളുടെ പിതാവാണ് സന്ദീപ് ദാലിവാല്‍.
