സിദ്ധാര്‍ഥന്റെ മരണം: പ്രതികളായ വിദ്യാര്‍ഥികളെ ക്യാംപസില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ

Update: 2025-02-05 13:12 GMT

കൊച്ചി: പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ഥികളെ ക്യാംപസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. പതിനെട്ട് വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് സ്റ്റേ.

സിദ്ധാര്‍ത്ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, പി കെ ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. മണ്ണൂത്തി ക്യാംപസില്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ച സര്‍വകലാശാല ഉത്തരവിനെതിരെയാണ് 18 വിദ്യാര്‍ഥികള്‍ ആദ്യം സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.

പ്രവേശനം നല്‍കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് എം ആര്‍ ഷീബ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതും 18 വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ തടഞ്ഞതും. കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ചയാണ് മണ്ണൂത്തി ക്യാംപസില്‍ ക്ലാസ് ആരംഭിച്ചത്.




Tags: