കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാവും; ഡി കെ ഉപമുഖ്യമന്ത്രിയാവില്ല

കര്‍ണാടക കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ശിവകുമാര്‍ തുടരും.

Update: 2023-05-17 08:17 GMT

ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു തീരുമാനം. ആദ്യ ടേമില്‍ സിദ്ധരാമയ്യയും പിന്നീട് ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണു റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞ നാളെ ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ബെംഗളൂരുവില്‍ സിദ്ധരാമയ്യയുടെ വസതിക്കു മുന്നില്‍ അനുയായികള്‍ ആഘോഷം തുടങ്ങി.

മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്നു തന്നെ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമായി ചര്‍ച്ച നടത്തി. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാന്‍ഡ് ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നല്‍കും. സോണിയയുടെ വീട്ടില്‍ രാഹുലും ഡികെയും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയാണ്.

അതേസമയം, ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി വന്നേക്കില്ലെന്നാണ് സൂചന. കര്‍ണാടക കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ശിവകുമാര്‍ തുടരും. മുന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ലിംഗായത്ത്, എസ്സി, മുസ്ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചായിരിക്കും ഇവരെത്തുക. മുസ്ലിം വിഭാഗവും ഉപമുഖ്യമന്ത്രി പദം ചോദിച്ചിട്ടുണ്ട്. എം.ബി. പാട്ടീല്‍ (ലിംഗായത്ത്), ഡോ.ജി. പരമേശ്വര (എസ്സി), യു.ടി. ഖാദര്‍ (മുസ്ലിം) എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാരാകുക. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു യു.ടി. ഖാദര്‍. അഞ്ചാം വട്ടവും മംഗളൂരു മണ്ഡലത്തില്‍നിന്ന് അദ്ദേഹം ജയിച്ചിരുന്നു. ഖാദറിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്കു വിളിപ്പിച്ചു.





Tags: