കിളികൊല്ലൂരില്‍ സഹോദരങ്ങള്‍ക്ക് മര്‍ദ്ദനം: നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-10-20 10:14 GMT

കൊല്ലം: കിളികൊല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ സഹോദരങ്ങള്‍ക്ക് പോലിസ് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കിളികൊല്ലൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ വിനോദ്, സബ് ഇന്‍സ്‌പെക്ടര്‍ എ പി അനീഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പോലിസ് ഓഫിസര്‍ മണികണ്ഠന്‍പിളള എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി.

ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലം കിളികൊല്ലൂരില്‍ സൈനികനും സഹോദരനുമാണ് പോലിസ് മര്‍ദ്ദനമേറ്റത്. വിഷ്ണു, വിഗ്‌നേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ നല്‍കിയ പരാതിയില്‍ കൊല്ലം കമ്മീഷണറോട് ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടിയിരുന്നു. നാട്ടുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംസ്ഥാനത്ത് പോലിസിനെതിരേ വ്യാപക പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. മലപ്പുറത്തും പാലക്കാടും കൊല്ലത്തുമാണ് പുതിയ പരാതികള്‍ ഉയര്‍ന്നത്.

മലപ്പുറം മഞ്ചേരിയില്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും അകാരണമായി മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. വാഹനപരിശോധന തടസ്സപ്പെടുത്തിയതില്‍ നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്നാണ് പോലിസിന്റെ വിശദീകരണം. കിഴിശേരിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച പോലിസുകാരനെ സംരക്ഷിക്കാന്‍ നീക്കമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.

സ്ഥലംമാറ്റത്തില്‍ നടപടി ഒതുങ്ങരുതെന്നും സമഗ്രാന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വാളയാറില്‍ പോലിസ് ജീപ്പ് കാറില്‍ തട്ടിയത് ചോദ്യം ചെയ്തവരെ സിഐ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പാലക്കാട് സഹോദരങ്ങളായ ഹൃദയസ്വാമി, ജോണ്‍ ആല്‍ബര്‍ട്ട് എന്നിവര്‍ക്കാണ് പോലിസ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ രണ്ടുപേരും വാളയാറിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയായിരുന്നു മര്‍ദ്ദനം.

Tags:    

Similar News