ശ്രീലങ്കയില്‍ സ്ഥിതി ഗുരുതരം, അക്രമം കൂടുതലിടങ്ങളിലേക്ക്; കര്‍ഫ്യൂ ബുധനാഴ്ച വരെ നീട്ടി

Update: 2022-05-10 02:38 GMT

കൊളംബോ: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിലാരംഭിച്ച കലാപം രാജ്യത്തിന്റെ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭക്കാര്‍ തെരുവിലിറങ്ങി അക്രമം അഴിച്ചുവിടുകയും പ്രതിരോധവുമായി ഭരണകക്ഷി അനുകൂലികള്‍ രംഗത്തുവരികയും ചെയ്തതോടെയാണ് പലയിടത്തും യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു.

പലയിടത്തും സമരക്കാരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദേശവ്യാപക കര്‍ഫ്യൂ ബുധനാഴ്ച രാവിലെ 7 മണി വരെ നീട്ടി. കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങള്‍ ഇപ്പോഴും തെരുവില്‍ തുടരുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സേയും രാജിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. മഹിന്ദ രജപക്‌സേയുടെ വസതി ഉള്‍പ്പെടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയും കെഗല്ലയില്‍ എംപി മഹിപാല ഹെറാത്തിന്റെയും വീടുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരേ പോലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയുടെ പ്രധാന ഗേറ്റ് ഭേദിക്കുകയും പ്രവേശന കവാടത്തില്‍ ഒരു ട്രക്ക് കത്തിക്കുകയും ചെയ്തതായി എഎഫ്പി റിപോര്‍ട്ടര്‍ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച രജപക്‌സെ താമസിക്കുന്ന വസതിയുടെ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതായി പോലിസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രതിഷേധക്കാര്‍ പിന്‍വശത്തെ ഗേറ്റ് തകര്‍ത്തതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സഹായികള്‍ക്കും സംരക്ഷണം നല്‍കാന്‍ നൂറുകണക്കിന് സൈനികരെ സൈന്യം വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുന്‍ മന്ത്രി നിമല്‍ ലന്‍സയുടെ വീടും അഗ്‌നിക്കിരയാക്കി. മറ്റൊരു എംപിയായ അരുന്ദിക ഫെര്‍ണാണ്ടോയുടെ വീടും തീവച്ച് നശിപ്പിച്ചു. ഭരണകക്ഷിയില്‍പ്പെട്ട നേതാക്കളുടെ ഡസന്‍ കണക്കിന് വീടുകളാണ് തകര്‍ക്കപ്പെട്ടത്. രജപക്‌സെ അനുകൂലികള്‍ സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നവര്‍ക്ക് നേരേ ആക്രമണം അഴിച്ചുവിട്ടതാണ് രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. മഹിന്ദയെ പിന്തുടര്‍ന്ന് കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായി റിപോര്‍ട്ടുകളുണ്ട്. രണ്ട് മന്ത്രിമാര്‍ രാജിക്കത്ത് കൈമാറി.

Tags:    

Similar News