കശ്മീരിൽ സൈന്യം കൊലപ്പെടുത്തിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് കുടുംബങ്ങൾക്ക് കൈമാറി
സംഭവത്തിൽ 1990 ലെ സായുധ സേന പ്രത്യേക അധികാര നിയമം തങ്ങളുടെ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തുവെന്നതിന് തെളിവുകൾ ലഭിച്ചതായി കരസേന പറഞ്ഞിരുന്നു.
കശ്മീർ: ജൂലൈ 18 ന് ഷോപിയാനിൽ സായുധരെന്നാരോപിച്ച് സൈന്യം കൊല്ലപ്പെടുത്തിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ ജമ്മു കശ്മീർ ഭരണകൂടം പുറത്തെടുത്ത് കുടുംബങ്ങൾക്ക് കൈമാറിയതായി കശ്മീർ ഒബ്‌സർവർ റിപോർട്ട് ചെയ്തു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗന്തമുല്ല പ്രദേശത്ത് സൈന്യം സംസ്കരിച്ച മൃതദേഹം വെള്ളിയാഴ്ച രാത്രി പുറത്തെടുത്തത്.
മൂന്ന് പേരുടെയും കുടുംബാംഗങ്ങളെ രജൗരി ജില്ലയിൽ നിന്ന് വിളിപ്പിച്ച് തൊഴിലാളികളെ അടക്കം ചെയ്ത സ്ഥലത്തേക്ക് കൊണ്ടുപോയി മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി കുടുംബാംഗങ്ങൾ സ്വന്തം ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
അബ്രാർ അഹമ്മദ്, ഇംതിയാസ് അഹമ്മദ്, മുഹമ്മദ് ഇബ്രാർ എന്നിവരെയാണ് സൈന്യം ഭീകരരെന്നാരോപിച്ച് വെടിവച്ചുകൊന്നത്. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ 1990 ലെ സായുധ സേന പ്രത്യേക അധികാര നിയമം തങ്ങളുടെ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തുവെന്നതിന് പ്രാഥമിക തെളിവുകൾ ലഭിച്ചതായി കരസേന സെപ്തംബർ 18 ന് പറഞ്ഞിരുന്നു.