ഉത്തർപ്രദേശ് ജയിലിൽ​ വെടിവെപ്പ്​; മൂന്ന് തടവുകാർ കൊല്ലപ്പെട്ടു

Update: 2021-05-14 10:09 GMT

ലഖ്​നോ: യുപി ജയിലിലുണ്ടായ വെടിവെയ്പ്പിൽ മൂന്നു തടവുകാർ കൊല്ലപ്പെട്ടു. തടവുകാരിലൊരാൾ രണ്ടുപേരെ വെടിവെച്ച്​ കൊലപ്പെടുത്തുകയും ആക്രമണം നടത്തിയ തടവുകാരന് നേരെ പോലിസ്​ വെടിയുതിർക്കുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു. അതെ സമയം ജയിൽ പുള്ളിക്ക് എങ്ങനെ തോക്ക് ലഭിച്ചു എന്ന കാര്യം വ്യക്തമായിട്ടില്ല. രാവിലെ 10 മണിയോടെ ചിത്രകൂടിലെ ജില്ല ജയിലിലാണ്​ സംഭവം. പടിഞ്ഞാറൻ യു.പിയിൽ നിന്നുള്ള മുകീം കാല, കിഴക്കൻ യുപിയിൽ നിന്നുള്ള മിറാസുദ്ദീൻ എന്നിവർക്ക്​ നേരെ തടവുകാരിലൊരാൾ വെടിയുതിർക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു. വിചാരണ തടവുകാരനായ അൻസുൽ ദീക്ഷിതാണ്​ ഇരുവരെയും കൊലപ്പെടുത്തിയത്​. ജയിലിൽ സംഘർഷാവസ്​ഥ ഉടലെടുത്തതോടെ അൻസുലിനെ പോലിസ്​ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിൽ തോക്ക് എത്തിയത് ഉൾപ്പടെ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.