മരണത്തിലും അച്ഛന്റെ ചൂടേറ്റ്; പലായനത്തിനിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛനും മകളും

ജന്മനാട്ടില്‍ നിന്നും ജീവിതം തേടി പാലായനം ചെയ്യുന്നവരുടെ ദുരിതം തുറന്നുകാട്ടുന്നതാണ് ചിത്രം. സുരക്ഷിത തീരം തേടിയുള്ള യാത്രയിലെ അരക്ഷിതാവസ്ഥയിലും മകളെ തന്റെ കുപ്പായത്തിനടയില്‍ തന്നോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് അച്ഛന്‍.

Update: 2019-06-26 12:32 GMT

ലോക മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും അഭയാര്‍ത്ഥി കുരുന്നിന്റെ മനസ്സുലക്കുന്ന ചിത്രം. സുരക്ഷിത തീരം തേടി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയുടെ ഭാഗമായ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്.


2015ല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതിനു സമാനമായിരുന്നു ഈ അച്ഛന്റെയും മകളുടെയും ചിത്രം. മുഖം കമഴ്ന്ന് അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന നിലയിലാണ് കുട്ടി.

സാല്‍വദോറില്‍ നിന്നും യുഎസിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണിവരെന്നാണ് റിപ്പോര്‍ട്ട്. 23 മാസം പ്രായമായ കുട്ടിയുടെ കൈകള്‍ അച്ഛന്റെ കഴുത്തിനെ ചുറ്റിയ നിലയിലായിരുന്നു. ഐലന്‍ കുര്‍ദിയുടെ ചിത്രത്തോട് താരതമ്യം ചെയ്താണ് മെക്‌സിന്‍ പത്രങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്.

ജന്മനാട്ടില്‍ നിന്നും ജീവിതം തേടി പാലായനം ചെയ്യുന്നവരുടെ ദുരിതം തുറന്നുകാട്ടുന്നതാണ് ചിത്രം. സുരക്ഷിത തീരം തേടിയുള്ള യാത്രയിലെ അരക്ഷിതാവസ്ഥയിലും മകളെ തന്റെ കുപ്പായത്തിനടയില്‍ തന്നോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് അച്ഛന്‍. ജീവന്‍ നഷ്ടപ്പെട്ടിട്ടും അച്ഛനെ കഴുത്തില്‍ ചുറ്റിപ്പിടിച്ച മകളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

തിങ്കളാഴ്ച്ചയാണ് മെക്‌സിക്കന്‍ പത്രത്തില്‍ ഓസ്‌കാര്‍ ആല്‍ബെര്‍ട്ടോ മാര്‍ട്ടിനസ് റമറീസിന്റെയും മകള്‍ വലേറിയയുടേയും മരിച്ചുകിടക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചത്. ഞയറാച്ചയാണ് റെമറീസ് തന്റെ മകള്‍ വലേറിയയുമൊത്ത് നദി നീന്തിക്കടക്കാന്‍ ശ്രമിച്ചതെന്ന് മെക്‌സിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സാല്‍വദോറില്‍ നിന്നുള്ള തന്റെ കുടുംബത്തിന് യുഎസ് അധികൃതര്‍ സംരക്ഷണം നല്‍കുമോ എന്ന് റെമറീസ് ഭയപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മകളേയും കൊണ്ട് നദി നീന്തിക്കടന്ന റെമറീസ് മകളെ കരയില്‍ സുരക്ഷിതയാക്കിയതിന് ശേഷം ഭാര്യയെ കൊണ്ട് വരുന്നതിന് വേണ്ടി തിരിച്ചുനീന്തി. എന്നാല്‍, ഈ സമയം വലേറിയ നദിയിലേക്ക് വീഴുകയായിരുന്നു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടേയാണ് റെമറീസും നദിയില്‍ അകപ്പെടുന്നത്.

സാല്‍വദോറില്‍ നിന്നും യുഎസിലേക്ക് കുടിയേറുന്നതിനിടെ നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ഒരോ വര്‍ഷവും മരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 283 അഭയാര്‍ത്ഥികള്‍ മരിച്ചെന്ന് മെക്‌സിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.




Tags:    

Similar News