ഓവുചാല്‍ ശുചീകരിച്ചില്ലെന്ന്; കരാറുകാരനെ മാലിന്യം കൊണ്ട് മൂടി ശിവസേന എംഎല്‍എ

Update: 2021-06-13 09:58 GMT
മുംബൈ: ഓവുചാല്‍ ശുചീകരിച്ചില്ലെന്ന് ആരോപിച്ച് കരാറുകാരന്റെ ദേഹത്ത് മാലിന്യം കൊണ്ട് മൂടാന്‍ നിര്‍ദേശം നല്‍കി ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡേ. നിയമസഭാംഗത്തിന്റെ ആജ്ഞ അതേപടി നടപ്പാക്കി പട്ടാപ്പകല്‍ കരാറുകാരന്റെ ദേഹത്ത് മാനില്യം കൊണ്ടുള്ള മാല അണിയിച്ചു. വടക്കന്‍ മുംബൈയിലെ കണ്ടിവാലി നിയോജക മണ്ഡലത്തിലെ ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. വെള്ളക്കെട്ട് നിറഞ്ഞ റോഡില്‍ കരാറുകാരനെ ഇരുത്തി, അദ്ദേഹത്തിന്റെ ദേഹത്ത് മാലിന്യം ഇടാന്‍ എംഎല്‍എ ആളുകളോട് ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരാണ് കരാറുകാരനോട് വെള്ളക്കെട്ട് നിറഞ്ഞ റോഡില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നത്. ഉടന്‍ ഒരാള്‍ അയാളുടെ അടുത്തെത്തി തള്ളിയിടുന്നു. പ്ലാസ്റ്റിക്കും അല്ലാത്തതുമായ മാലിന്യം കൂട്ടിയിട്ട് കരാറുകാരനു മേല്‍ ഒഴിക്കാന്‍ രണ്ടുപേര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കുകയും അവര്‍ അത് ചെയ്യുകയും ചെയ്തു.

    കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തില്‍ കനത്ത മഴ പെയ്തതിനാല്‍ ഓവുചാലുകള്‍ നിറഞ്ഞ് റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രദേശത്ത് വെള്ളക്കെട്ട് തടയാന്‍ ഉത്തരവാദിത്തമുള്ളവര്‍ തങ്ങളുടെ ജോലി ചെയ്യാന്‍ തയ്യാറാവാത്തതാണ് ഇതിനു കാരണമെന്ന് ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

    ആളുകള്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും എംഎല്‍എയായി തിരഞ്ഞെടുക്കുകയും ചെയ്തു. അതിനാല്‍ എന്റെ കടമ നിറവേറ്റാനായി ഞാന്‍ പ്രാദേശിക പാര്‍ട്ടി യൂനിറ്റ് മേധാവിയുമായും ശിവ സേനക്കാര്‍ക്കുമൊപ്പം ഓവുചാല്‍ വൃത്തിയാക്കാന്‍ അവിടെയെത്തി. ഈ ജോലി കരാറുകാരനെ ഏല്‍പ്പിച്ചെങ്കിലും അദ്ദേഹം അത് ചെയ്തില്ല. അതുകൊണ്ടാണ് ഓവുചാല്‍ വൃത്തിയാക്കാനായി ഞാന്‍ തെരുവിലിറങ്ങിയത്. ജോലി ചെയ്യാത്തതിനാലാണ് ഞങ്ങള്‍ കരാറുകാരനെ ഇവിടെ എത്തിച്ചതെന്നും ദിലീപ് ലാന്‍ഡെ ന്യായീകരിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരിക്കുന്നത്.

Shiva Sena MLA Dumps Garbage On Man For "Not Getting Drains Cleaned"


Tags: