കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ എം അലിക്കുഞ്ഞി മുസ് ല്യാര്‍ ഷിറിയ അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് അഞ്ചിന് ഷിറിയ ലത്വീഫിയയില്‍ നടക്കും.
1935 മാര്‍ച്ച് നാലിന് അബ്ദുല്‍ റഹ്മാന്‍ ഹാജി മറിയം ദമ്പതികളുടെ മകനായി കാസര്‍കോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം. പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനാരംഭം. മുട്ടം ജുമാമസ്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്‌കൂള്‍ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്‌കൂളിലെയും ഗുരുനാഥന്‍.
ഒളയം മുഹിയുദ്ദീന്‍ മുസ് ല്യാരില്‍ നിന്ന് ദര്‍സാരംഭം. 1962ല്‍ ദയൂബന്ത് ദാറുല്‍ ഉലൂമില്‍ ഉപരിപഠനം. കാസര്‍കോട് ജില്ലയിലെ കുമ്പോലിലാണ് ആദ്യമായി ദര്‍സ് നടത്തിയത്. മുപ്പതാം വയസ്സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി.
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മര്‍ഹൂം കാക്കൂ ഉമര്‍ ഫൈസി, എം എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, മജീദ് ഫൈസി ചെര്‍ക്കള, തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.
