ഷിംനയെ ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിരുന്നു; ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പും തര്‍ക്കങ്ങളുണ്ടായി
കോഴിക്കോട്: കോഴിക്കോട് മാറാട് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ഷിംനയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെ ആരോപണവുമായി രംഗത്ത്. ഷിംനയെ ഭര്‍ത്താവ് മദ്യപിച്ച് നിരന്തരം മര്‍ദിച്ചിരുന്നുവെന്ന് ഷിംനയുടെ അമ്മാവന്‍ രാജു പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പും തര്‍ക്കങ്ങളുണ്ടായി. പലതവണ ബന്ധം ഉപേക്ഷിക്കാന്‍ ഷിംനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍പ് മര്‍ദനം ഉണ്ടായപ്പോള്‍ പോലിസില്‍ പരാതി നല്‍കാന്‍ പറഞ്ഞെങ്കിലും ഷിംന സമ്മതിച്ചില്ല. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ മുന്‍പും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അന്ന് കുറച്ച് ദിവസം വീട്ടില്‍ വന്നിരുന്നു. പിന്നീട് ഷിംന തന്നെ ഭര്‍ത്താവുമായി സംസാരിച്ച് ഭര്‍തൃ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു.
ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.