'ലോകത്തെ മാറ്റിമറിച്ച ഗവേഷക'രുടെ പട്ടികയില്‍ ഇടംനേടി ശൗര്യചക്ര ജേതാവായ കരസേനാ ഓഫിസര്‍

കാലാവസ്ഥാ വ്യതിയാനവും മണ്‍സൂണ്‍ മഴയുടെ കുറവും പോലെയുള്ള ഭീഷണികള്‍ക്കിടെയും കാര്‍ഷിക മേഖലയ്ക്കുള്ള പിന്തുണ ഉറപ്പാക്കണമെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു

Update: 2019-10-26 02:58 GMT

ന്യൂഡല്‍ഹി: ലോകത്തെ മാറ്റിമറിച്ച ഗവേഷകരുടെ പട്ടികയില്‍ ഇടംനേടി ശൗര്യചക്ര ജേതാവായ ഇന്ത്യന്‍ കരസേന ഓഫിസര്‍. കരസേനാംഗമായിരിക്കെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സേവനങ്ങള്‍ക്കിടെ ഗുരുതരമായി പരിക്കേറ്റ റിട്ട. കേണല്‍ ഡി പി കെ പിള്ളയാണ് പ്രമുഖ അക്കാദമിക് പ്രസാധകരായ ടെയ്‌ലര്‍ ആന്റ് ഫ്രാന്‍സിസ് ഗ്രൂപ്പ് പിന്തുണയ്ക്കുന്ന പോഡ്കാസ്റ്റ് പരമ്പരയില്‍ ഇടംനേടിയത്. മെച്ചപ്പെട്ട കര്‍ഷക വേതനം ഉറപ്പാക്കിയും സാങ്കേതികവിദ്യയെ കൂടുതല്‍ ഉപയോഗപ്പെടുത്തിയും മികച്ച മാനേജ്‌മെന്റിലൂടെയും എങ്ങനെ ഇന്ത്യയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാമെന്നതു സംബന്ധിച്ച പഠനത്തിനാണ് അംഗീകാരം ലഭിച്ചത്. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള കേണല്‍ ഡി പി കെ പിള്ളയുടെ ലേഖനം യുകെ ആസ്ഥാനമായുള്ള മുന്‍നിര ജേണലായ റൂട്ട്‌ലെഡ്ജ് ഫോര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ്(ഐഡിഎസ്എ) ആണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ത്യയിലെ നിലവിലുള്ള ഭക്ഷ്യ സമ്പ്രദായങ്ങളെയും ജനങ്ങളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ നടപടികളെയും കുറിച്ചാണ് ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.

    ദേശസുരക്ഷയ്ക്കപ്പുറം ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് റിട്ട. കേണല്‍ ഡി പി കെ പിള്ള ലേഖനത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും മണ്‍സൂണ്‍ മഴയുടെ കുറവും പോലെയുള്ള ഭീഷണികള്‍ക്കിടെയും കാര്‍ഷിക മേഖലയ്ക്കുള്ള പിന്തുണ ഉറപ്പാക്കണമെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ നിലവിലുള്ള കാര്‍ഷികോല്‍പ്പാദനം മെച്ചമാണെങ്കിലും വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്നത് പ്രധാന വെല്ലുവിളിയാണെന്നും ഇതിന് നിരന്തര പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്ങനെയാണ് ഗവേഷകര്‍ ലോകത്തെ മാറ്റിമറിച്ചത് എന്ന വിഷയത്തില്‍ കേണല്‍ ഡി പി കെ പിള്ളയുടെ 'എകെ 47 പൊട്ടിത്തെറിയും എന്റെ കാലിന്റെ ഒരു ഭാഗം എടുത്ത ഗ്രനേഡും' എന്ന പേരിലുള്ള മണിപ്പൂരിലെ ഔദ്യോഗിക ജീവിതത്തെ കുറിച്ചുള്ള വ്യക്തിഗത വിവരണങ്ങളും ടെയ്‌ലര്‍ ആന്റ് ഫ്രാന്‍സിസിന്റെ പോഡ്കാസ്റ്റ് പരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചുണ്ട്.

    ആര്‍മി ഓഫിസറായിരുന്ന കേണല്‍ ദിവാകരന്‍ പത്മ പിള്ള എന്ന ഡി പി കെ പിള്ളയ്ക്ക് മണിപ്പൂരിലെ തമങ്‌ലോങ് ജില്ലയിലെ ലോങ്ദി പാബ്രാം വില്ലേജിലെ സൊനിക ഓപറേഷനിടെയാണ് ഗുരുതരമായി പരിക്കേറ്റത്. ആഗോളപ്രശസ്തരായ ഗവേഷകരുടെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ടെയ്‌ലര്‍ ആന്റ് ഫ്രാന്‍സിസില്‍ ഡി പി കെ പിള്ളയുടെ ലേഖനം പ്രസിദ്ധീകരിച്ചത് ഒരു സൈനികനില്‍നിന്ന് ഒരു ഗവേഷകനിലേക്കുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.




Tags:    

Similar News