ആരാധനാലയ സംരക്ഷണ നിയമം ലംഘിക്കുന്നവരെ നിലയ്ക്കുനിര്‍ത്തുക: ഷംസുല്‍ ഹുദാ ഉലമാ കൗണ്‍സില്‍

Update: 2024-02-28 10:37 GMT

പത്തനാപുരം: 1947 ആഗസ്ത് 15ന് നിലനിന്നിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന 1991ലെ ആരാധനാലയ നിയമത്തെ അപ്രസക്തമാക്കി ഹിന്ദുത്വ ഭീകരര്‍ നടത്തുന്ന കടന്നുകയറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് ഷംസുല്‍ ഹുദാ ഉലമാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ആരാധനാലയ നിയമം ലംഘിച്ച് മുസ് ലിം ചിഹ്നങ്ങളും അടയാളങ്ങളും തകര്‍ക്കാനുള്ള ഹിന്ദുത്വ ശ്രമങ്ങള്‍ മുസ് ലിം സ്വത്വത്തിനും ആത്മാഭിമാനത്തിനും എതിരെയുള്ള കടന്നുകയറ്റമാണ്. രാജ്യത്തിന്റെ ഭരണം കൈയാളുന്നവര്‍ തന്നെ ഇതിനു കൂട്ടുനില്‍ക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.

    മതവിഭാഗങ്ങള്‍ തമ്മിലുള്ള മൈത്രിയും സ്‌നേഹവുമാണ് രാജ്യത്തിന്റെ ശക്തി. പരസ്പരമുള്ള ഐക്യവും സാഹോദര്യവും തകര്‍ത്ത് അധികാരം നിലനിര്‍ത്താനുള്ള ശ്രമം അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തിയേ മതിയാവൂ. ഹിന്ദുത്വ വാദികള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തുടങ്ങിയ ഈ നീക്കം മുസ് ലിംകളെ ഭീകരവല്‍ക്കരിക്കാനും അന്യവല്‍ക്കരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഗ്യാന്‍വാപി, മഥുര ഷാഹി മസജിദുകള്‍ക്കെതിരെയുള്ള നീക്കം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

    യോഗം അബൂത്വല്‍ഹല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷംസുല്‍ ഹുദാ ഉലമാ കൗണ്‍സില്‍ പ്രസിഡന്റ് യൂസുഫ് മൗലവി അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റസ്സാഖ് മൗലവി കല്ലാര്‍, അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി, ഹബീബുല്ല മൗലവി അല്‍ ഖാസിമി, ജഅഫര്‍ ഹാജി, അമാനുല്ല ബാഖവി, ആദമുല്‍ ഹാദി, റഫീഖ് മൗലവി അല്‍ ഖാസിമി, ലുഖ്മാനുല്‍ ഹക്കീം സംസാരിച്ചു.

Tags:    

Similar News