ഷഹ്‌ലയുടെ മരണം പിടിഎ മാത്രമാണ് കുറ്റക്കാരെന്ന് പറയാനാവില്ല: കാനം രാജേന്ദ്രന്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗവണ്‍മെന്റിനും വിദ്യാഭ്യാസ കുപ്പിനുമാണ് ഉത്തരവാദിത്തം

Update: 2019-11-22 16:00 GMT

മലപ്പുറം: വയനാട്ടില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പിടിഎ മാത്രമാണ് കുറ്റക്കാരെന്ന് പറയാനാവില്ലെന്ന് കാനം രാജേന്ദ്രന്‍. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗവണ്‍മെന്റിനും വിദ്യാഭ്യാസ കുപ്പിനുമാണ് ഉത്തരവാദിത്തമെന്നും കാനം ചൂണ്ടികാട്ടി.

വളരെയേറെ നിര്‍ഭാഗ്യകരവും സമൂഹ മനസാക്ഷിയെ വേദനിപ്പിക്കുന്നതുമാണ് കുട്ടിയുടെ മരണം. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഏറെ മുന്നേറിയ സാഹചര്യത്തില്‍ വയനാട്ടിലെ സ്‌കൂളിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ മുന്‍നിര്‍ത്തി ഒരു സാമാന്യവല്‍ക്കരണം നടത്തുന്നത് ശരിയല്ല. സര്‍വ്വജന സ്‌കൂള്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും കാനം വ്യക്തമാക്കി.

മാവോവാദികളെ വെടിവെച്ചു കൊല്ലുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. അവരെ കൊന്നൊടുക്കികൊണ്ട് ഒരു പരിഹാരം സാധ്യമാണെന്ന് സിപിഎമ്മിനും അഭിപ്രായമുണ്ടാകില്ല. മാവോവാദികള്‍ വര്‍ഗ്ഗശത്രുക്കളല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി മാവോവാദികളെ ഇല്ലായ്മചെയ്യുക എന്ന കേന്ദ്രത്തിന്റെ നയം കേരള സര്‍ക്കാരിനില്ല. മാവോവാദികള്‍ ഒരു സാമൂഹിക പ്രശ്‌നമാണ്. അതിന് പരിഹാരം ഉണ്ടാക്കേണ്ടത് വെടുയുണ്ടകൊണ്ടല്ലെന്നും രാഷ്ട്രീയപരമായാണെന്നും കാനം പറഞ്ഞു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീര്‍, മലപ്പുറം ജില്ലാസെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.