ഷഹീന്‍ സ്‌കൂള്‍ രാജ്യദ്രോഹക്കേസിലെ ചോദ്യം ചെയ്യല്‍; പോലിസ് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചെന്ന് കര്‍ണാടക ഹൈക്കോടതി

ഇത് 2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 86 (5) വകുപ്പിന്റെ ലംഘനവും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായതായതായി കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. നാടകത്തിന്റെ പേരില്‍ കുട്ടികളെ ചോദ്യം ചെയ്യുന്നതിനെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2021-08-17 12:56 GMT

ബംഗളൂരു: രാജ്യദ്രോഹക്കേസിലെ അന്വേഷണത്തിന്റെ പേരില്‍ കര്‍ണാടക പോലിസ് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചെന്ന് കര്‍ണാടക ഹൈക്കോടതി. പൗരത്വഭേദഗതി നിയമത്തിനെതിരേ കര്‍ണാടകയിലെ ഷഹീന്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് പോലിസ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളെ നിരന്തരം ചോദ്യംചെയ്ത നടപടിയെയാണ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. സിഎഎയ്‌ക്കെതിരേ 2020 ജനുവരിയിലാണ് ബീദറിലെ ഷഹീന്‍ എജ്യുക്കേഷന്‍ സൊസൈറ്റി നടത്തുന്ന പ്രൈമറി സ്‌കൂളില്‍ നാടകം അരങ്ങേറിയത്.

യൂനിഫോം ധരിച്ച ആയുധധാരികളായ പോലിസ് സംഘം ഒമ്പത് വയസ്സുള്ള കുട്ടികളെചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നത്. ഇത് 2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 86 (5) വകുപ്പിന്റെ ലംഘനവും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായതായതായി കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. നാടകത്തിന്റെ പേരില്‍ കുട്ടികളെ ചോദ്യം ചെയ്യുന്നതിനെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ ആദ്യം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേയാണ് പോലിസ് കേസെടുത്തത്.

സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എബിവിപി അംഗം നീലേഷ് രക്ഷ്യല്‍ ജനുവരി 26ന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഈ കുട്ടികളെ ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എന്ത് നടപടി സ്വീകരിച്ചുമെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോട് ചീഫ് ജസ്റ്റിസ് അഭയ് ഓക, ജസ്റ്റിസ് എന്‍എസ് സഞ്ജയ് ഗൗഡ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ഭാവിയില്‍ കുട്ടികളെ ചോദ്യം ചെയ്യുമ്പോഴെല്ലാം പോലിസ് ഈ നിയമം പാലിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ജനുവരി 30ന് സ്‌കൂളില്‍ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ 9 വയസ്സുള്ള വിദ്യാര്‍ഥിനിയായ ആയിഷയുടെ മാതാവ് നസ്ബുന്നീസയെയും ബീദറിലെ ഷഹീന്‍ സ്‌കൂളിലെ പ്രധാന അധ്യാപിക ഫരീദ ബീഗത്തെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു നാടകം അവതരിപ്പിച്ചതിന് വിധവയായ മാതാവിനെയും അധ്യാപികയെയും ഗുരുതര വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കര്‍ണാടക പോലിസിന്റെ നടപടിക്കെതിരേ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

ഇത് കൂടാതെ നിരന്തരം ചോദ്യംചെയ്ത് ചെറിയ കുട്ടികളെ പോലിസ് വേട്ടയാടി. നാടകത്തില്‍ പങ്കെടുത്തതിന് ഒമ്പത് വയസ് മാത്രമുള്ള വിദ്യാര്‍ഥികളെയാണ് പോലിസ് ആവര്‍ത്തിച്ച് ചോദ്യം ചെയ്യുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. നിയമങ്ങള്‍ ലംഘിച്ചതിനും സ്‌കൂളില്‍ 'ഭയത്തിന്റെ അന്തരീക്ഷം' സൃഷ്ടിച്ചതിനും ബിദാര്‍ ജില്ലാ പോലിസിനെ കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വിമര്‍ശിച്ചതിന് ശേഷമാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചത്.

Tags:    

Similar News