ശാഹീന്‍ബാഗ് സമരം: ജാമിഅയില്‍ നിന്ന് നോയിഡയിലേക്കുള്ള റോഡ് തുറന്നു

റോഡ് നമ്പര്‍ 9 (ഓഖ്‌ല റോഡ്) വഴിയുള്ള നോയിഡ-കാളിന്ദി കുഞ്ച് റോഡ് തുറന്നപ്പോള്‍ ആഘോഷത്തോടെയാണ് യാത്രക്കാര്‍ വരവേറ്റത്

Update: 2020-02-22 13:30 GMT

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരേ 70 ദിവസമായി പ്രതിഷേധം നടക്കുന്ന ശഹീന്‍ ബാഗിലെ പ്രക്ഷോഭകര്‍ തടഞ്ഞുവച്ച സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ റോഡിന്റെ അല്‍പഭാഗം ശനിയാഴ്ച വീണ്ടും തുറന്നു. ഡല്‍ഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന റോഡ് റോഡ് പൂര്‍ണമായും തടസ്സപ്പെടുത്തിയത് പ്രധാന തര്‍ക്കവിഷയമാവുകയും സുപ്രിംകോടതി ഇടപെട്ട് മധ്യസ്ഥതയെ നിയോഗിക്കുകയും ചെയ്തിരുന്നു. റോഡ് തുറന്നത് ഡല്‍ഹിയില്‍നിന്ന് നോയിഡയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി. ജാമിയയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കുമുള്ള റോഡാണ് പ്രതിഷേധക്കാര്‍ തുറന്നുകൊടുത്തത്. റോഡുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ ഡല്‍ഹി പോലിസുമായി യാതൊരു വിധ സംഭാഷണവും നടത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇക്കാര്യം പോലിസും സമ്മതിച്ചിട്ടുണ്ട്. റോഡ് നമ്പര്‍ 9 (ഓഖ്‌ല റോഡ്) വഴിയുള്ള നോയിഡ-കാളിന്ദി കുഞ്ച് റോഡ് തുറന്നപ്പോള്‍ ആഘോഷത്തോടെയാണ് യാത്രക്കാര്‍ വരവേറ്റത്.

    അതേസമയം, അല്‍പ്പം മുമ്പ് റോഡ് നമ്പര്‍ 9 ഒരുകൂട്ടം പ്രതിഷേധക്കാര്‍ തുറന്നെന്നും പിന്നീട് അത് മറ്റൊരു സംഘം അടച്ചപ്പോള്‍ ഒരുകൂട്ടം പ്രതിഷേധക്കാര്‍ ചെറിയ ഭാഗം വീണ്ടും തുറന്നെന്നും ഇതേക്കുറിച്ച് വ്യക്തതയില്ലെന്നും സൗത്ത് ഈസ്റ്റ് ഡിസിപിയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയില്‍ പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ പകുതിയോടെയാണ് ശാഹീന്‍ ബാഗില്‍ റോഡ് ഉപരോധിച്ച് സമരം തുടങ്ങിയത്. പിന്നീട് രാജ്യത്ത് തന്നെ നടക്കുന്ന സിഎഎ വിരുദ്ധ സമരങ്ങളുടെ പ്രഭവ കേന്ദ്രമായി ഇത് മാറുകയായിരുന്നു. പ്രധാനമായും സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം ഡല്‍ഹി-നോയിഡ യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. അതേസമയം, ബദല്‍ റോഡുകള്‍ പോലിസ് അടച്ചിട്ടതായി സമരക്കാര്‍ ആരോപിച്ചിരുന്നു. സമരത്തിനെതിരേ ജനരോഷം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലിസ് ബദല്‍ മാര്‍ഗങ്ങള്‍ അടച്ചതെന്നാണ് സമരക്കാരുടെ ആരോപണം.



Tags:    

Similar News