ശാഹീന്‍ ബാഗ് ചാവേറുകളുടെ പ്രജനന കേന്ദ്രമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ 18 മുതല്‍ നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് ഡല്‍ഹിയിലെ ശാഹീന്‍ ബാഗില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്

Update: 2020-02-06 05:45 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടക്കുന്ന ശാഹിന്‍ ബാഗ് രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്ന ചാവേറുകളുടെ പ്രജനന കേന്ദ്രമായി മാറിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ശാഹീന്‍ ബാഗ് സമരക്കാര്‍ക്കെതിരേ പ്രകോപനപരമായ ആരോപണങ്ങളുമായി കേന്ദ്ര മൃഗസംരക്ഷണ, മല്‍സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തിയത്.

    ശാഹീന്‍ ബാഗ് ഇപ്പോള്‍ ഒരു പ്രസ്ഥാനമല്ല. ആത്മഹത്യാ ബോംബറുകളാണ് അവിടെ ഉയരുന്നത്. രാജ്യതലസ്ഥാനത്ത് രാജ്യത്തിനെതിരേ ഗൂ ഢാലോചന ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനാണ് ഗിരിരാജ് സിങ്. ശനിയാഴ്ച ഡല്‍ഹി തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കളാണ് ശാഹിന്‍ബാഗിനെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് പ്രസ്താവനകള്‍ നടത്തുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ 18 മുതല്‍ നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് ഡല്‍ഹിയിലെ ശാഹീന്‍ ബാഗില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടി(എഎപി)യും ശാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ക്ക് സജീവ പിന്തുണ നല്‍കുന്നതായി ബിജെപി ആരോപിച്ചിരുന്നു.




Tags:    

Similar News