ശബരിമല യുവതീപ്രവേശനം: ബിന്ദു അമ്മിണിയുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Update: 2019-12-05 01:55 GMT

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാവാമെന്ന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ബിന്ദു അമ്മിണിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് ഹാജരാവുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാവും പരിഗണിക്കുക. ഹരജി വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടും. അതിനിടെ, ശബരിമല ദര്‍ശനത്തിന് പോലിസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹരജികള്‍ ഭരണഘടാന ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ചീഫ് ജസ്റ്റിസ് ഈയാഴ്ച തീരുമാനമെടുത്തേക്കും.

    കഴിഞ്ഞ ആഴ്ച ശബരിമല ദര്‍ശനത്തിനു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ചേരാനെത്തിയ ബിന്ദു അമ്മിണിക്കു നേരെ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ ശ്രീനാഥ് കുരുമുളകുപൊടി സ്‌പ്രേ അടിച്ച് ആക്രമിച്ചിരുന്നു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും ബിജെപി നേതാക്കളും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരും ബിന്ദു അമ്മിണിയെ കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ തടയുകയും മടങ്ങാനൊരുങ്ങുമ്പോള്‍ ആക്രമിക്കുകയുമായിരുന്നു. ഇതിനുശേഷവും ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബിന്ദു അമ്മിണി ആവര്‍ത്തിച്ചെങ്കിലും സുരക്ഷ നല്‍കാനാവില്ലെന്ന് പോലിസ് നിലപാടെടുത്തതോടെ അവര്‍ക്ക് തിരിച്ചുപോവേണ്ടി വന്നിരുന്നു. ഇതോടെയാണ് സുപ്രിംകോടതി ഉത്തരവ് നടപ്പാക്കണമെന്നും പോലിസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രിംകോടതിയെ സമീപിച്ചത്.




Tags:    

Similar News