തൃശൂരിൽ എഐഎസ്എഫ് പഠിപ്പുമുടക്ക് സമരത്തിന് നേരെ എസ്എഫ്ഐ അക്രമം
കോളജിൻ്റെ ഭൗതിക സാഹചര്യം ഉയർത്തുന്നതിന് വേണ്ടി സമരം നടത്തിയ എഐഎസ്എഫ് പ്രവർത്തകരെ യാതൊരുവിധ പ്രകോപനവും കൂടാതെയാണ് പുറത്ത് നിന്നെത്തിയ ഗുണ്ടകളുടെ സഹായത്തോടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു.
തൃശൂർ: തൃശ്ശൂർ ഒല്ലൂർ വൈലോപ്പിള്ളി ഗവ: കോളേജിൽ എഐഎസ്എഫ് നടത്തിയ പഠിപ്പ് മുടക്ക് സമരത്തിന് നേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ നിരവധി എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളജിൻ്റെ ഭൗതിക സാഹചര്യം ഉയർത്തുന്നതിന് വേണ്ടി സമരം നടത്തിയ എഐഎസ്എഫ് പ്രവർത്തകരെ യാതൊരുവിധ പ്രകോപനവും കൂടാതെയാണ് പുറത്ത് നിന്നെത്തിയ ഗുണ്ടകളുടെ സഹായത്തോടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു.
അക്രമത്തിൽ പരിക്ക് പറ്റിയ പ്രവർത്തകരെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയ എഐഎസ്എഫ് ജില്ലാ സെക്രട്ടറി സനൽകുമാർ, ഫ്രെഡി, ഫായിസ്, അഖിൽ പി എസ്, നിജിലാഷ്, രഞ്ജിത് കെ വി എന്നിവർക്ക് പോലിസ് മർദ്ദനവും ഏൽക്കേണ്ടി വന്നിട്ടുണ്ട്.
ജില്ലാ ആശുപത്രിയിൽ വച്ച് ഇരൂകൂട്ടരും തമ്മിലുളള സംഘര്‍ഷത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്തത് എഐഎസ്എഫ് പ്രവര്‍ത്തകരെ മാത്രം. ഇതോടെ തൃശൂർ എംഎൽഎ, പി ബാലചന്ദ്രൻ്റെ നേതൃത്വത്തിൽ സിപിഐ നേതാക്കൾ ആശുപത്രിയിലും സ്‌റ്റേഷനിലും നേരിട്ടെത്തി പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്ത എഐഎസ്എഫ് പ്രവർത്തകരെ പോലിസ് ആശുപത്രിയിലേയ്ക്ക് മാറ്റിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
അക്രമം നടത്തിയ എസ്എഫ്ഐയുടെയും പരിക്ക് പറ്റിയവരെ സന്ദർശിക്കാൻ തൃശ്ശൂർ ജില്ലാ ആശുപത്രിയിലെത്തിയ നേതാക്കളെ അക്രമിച്ച പോലിസ് നടപടിയും പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. അക്രമം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് പകരം എഐഎസ്എഫ് നേതാക്കളെ മർദ്ദിച്ച് അറസ്റ്റ് ചെയ്ത നടപടിയിലൂടെ പോലിസ് ഇരകൾക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
