ഡിഎസ്എ സംസ്ഥാന സെക്രട്ടറിക്കെതിരേ എസ്എഫ്‌ഐ വധ ഭീഷണി; നേതൃത്വത്തിനെതിരേ പാലക്കാട് പോളിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍
എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരേ എസ്എഫ്‌ഐ പോളിടെക്‌നിക് കോളജ് യൂനിറ്റ് അംഗമായ കിരണവും എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ഥികളും പോസ്റ്റര്‍ പതിച്ചു. കോളജ് പരിസരത്ത് പതിച്ച പോസ്റ്ററുകള്‍ ഇതേ വിദ്യാര്‍ഥികള്‍ തന്നെ തങ്ങളുടെ ഫേസ്ബുക്ക് പേജിലും ഷെയര്‍ ചെയ്തു.
പാലക്കാട്: ഡിഎസ്എ സംസ്ഥാന സെക്രട്ടറി വിഷ്ണുവിനെ എസ്എഫ്‌ഐ പുതുശ്ശേരി ഏരിയാ നേതൃത്വം വധ ഭീഷണി മുഴക്കിയതിനെതിരേ പാലക്കാട് ഗവ. പോളിടെക്‌നിക് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരേ എസ്എഫ്‌ഐ പോളിടെക്‌നിക് കോളജ് യൂനിറ്റ് അംഗമായ കിരണവും എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ഥികളും പോസ്റ്റര്‍ പതിച്ചു. കോളജ് പരിസരത്ത് പതിച്ച പോസ്റ്ററുകള്‍ ഇതേ വിദ്യാര്‍ഥികള്‍ തന്നെ തങ്ങളുടെ ഫേസ്ബുക്ക് പേജിലും ഷെയര്‍ ചെയ്തു.
'സ്വാതന്ത്ര്യം ജന്മാവകാശമാണ്, ആരുടെയും ഔദാര്യമല്ല. സംഘടിക്കാനും, ആവിഷ്‌കരിക്കാനും, ആശയ പ്രചാരണം നടത്താനുമുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണ്. നൂറുപൂക്കള്‍ വിരിയട്ടെ. നൂറുചിന്തകള്‍ ഏറ്റുമുട്ടട്ടെ! കാംപസുകള്‍ രാഷ്ട്രീയ സംവാദത്തിന്റെ ഇടങ്ങളാവട്ടെ. വിയോജിപ്പുകളുടെ മല്‍സരമാണ് ജനാധിപത്യം' ഇതായിരുന്നു പോളി വിദ്യാര്‍ഥികളുടെ പേരില്‍ കോളജ് പരിസരത്ത് പതിച്ച പോസ്റ്ററിലെ വാചകങ്ങള്‍.
ഡിഎസ്എ സംസ്ഥാന സെക്രട്ടറി സഖാവ് വിഷ്ണുവിനെ എസ്എഫ്‌ഐ പുതുശ്ശേരി ഏരിയ നേതൃത്വം ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ കാംപസ് പരിസരത്ത് നിന്നും സംഘം ചേര്‍ന്ന് പുറത്താക്കി. എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് നടപടിയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. എസ്എഫ്‌ഐ യൂനിറ്റ് അംഗമായ കിരണ്‍, അനുഭാവികളായ നസ്‌റിന്‍ ആദം, കിരണ്‍ കുമാര്‍ എന്നിവരാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
എസ്എഫ്‌ഐ നേതൃത്വത്തിനെതിരേ സ്വന്തം പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയത് കോളജില്‍ വലിയ ചര്‍ച്ചയായി. സോഷ്യല്‍മീഡിയയിലും വിഷയം ചര്‍ച്ചയായതോടെ നേതാക്കള്‍ ഫോണില്‍ വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്ന് വിദ്യാഥികള്‍ പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡിഎസ്എ സംസ്ഥാന സെക്രട്ടറിയെ പാലക്കാട് പോളിടെക്‌നിക് കോളജില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കാംപസില്‍ പ്രവേശിക്കരുതെന്നും കൊന്ന് കളയുമെന്നും എസ്എഫ്‌ഐ പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ വിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വലിയ ചര്‍ച്ചയായിരുന്നു. കാംപസുകള്‍ക്കകത്തെ ജനാധിപത്യത്തിനായി ശബ്ദമുയര്‍ത്തുക എന്നാവശ്യപ്പെട്ടായിരുന്നു വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'ഇത് എസ്എഫ്‌ഐ ഭരിക്കുന്ന കാംപസ് ആണ് . ഇവിടെ നീ കേറി സംഘടനാ പ്രവര്‍ത്തനം നടത്തേണ്ട. പ്രവര്‍ത്തന ഫണ്ട് ഒക്കെ പുറത്തുനിന്നുള്ള കടകളിന്നോ റോട്ടീന്നോ പിരിച്ചാല്‍ മതി, ഇനി നീ ഈ കാംപസിനകത്ത് കാലുകുത്തിയാല്‍ നിന്റെ പണി ഞങ്ങള്‍ തീര്‍ക്കും.' ഇതായിരുന്നു വിഷ്ണുവിനെതിരായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണി.

