ധീരജ് കുത്തേറ്റ് മരിച്ചതിന് പിന്നാലെ മഹാരാജാസില്‍ കെഎസ്‌യുവിന് നേരെ എസ്എഫ്ഐ ആക്രമണം
കെഎസ്‌യു പ്രവര്‍ത്തകനെ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴച്ച് മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എറണാകുളം: ഇടുക്കി എഞ്ചിനീയറിങ് കോളജിലെ തിരഞ്ഞെടുപ്പിനിടെ നടന്ന കെഎസ്‌യുഎസ്എഫ്‌ഐ സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ കെഎസ്‌യുവിന് നേരെ എസ്എഫ്ഐ ആക്രമണം. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഇടുക്കി കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാംപസില്‍ പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.
എസ്എഫ്‌ഐ ആക്രമണത്തില്‍ പതിനൊന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദിച്ചുവെന്ന് കെഎസ്‌യു ആരോപിച്ചു. അതേസമയം ഒരു കെഎസ്‌യു പ്രവര്‍ത്തകനെ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴച്ച് മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഘര്‍ഷ വിവരമറിഞ്ഞ് പോലിസ് സംഘം കാംപസിലെത്തി. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും സമീപത്തെ ലോ കോളജിലും പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കൊല്ലപ്പെടുന്നതിന് മുന്നോടിയായി നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും വിവിധ ദൃശ്യ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം കൊലപാതകം ആസൂത്രിതമെന്നാണ് എസ്എഫ്‌ഐ നേതൃത്വം ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.
