ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ജനുവരിയിൽ തുടങ്ങാനായേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ
ഓക്സ്ഫോർഡ് കൊവിഡ് വാക്സിൻ ട്രയലുകളുടെ ഇടക്കാല ഫലങ്ങൾ കാണിക്കുന്നത് ശരാശരി 70 ശതമാനം ഫലപ്രാപ്തി വാക്സിൻ കാണിക്കുന്നുണ്ടെന്നാണ്.
പൂനെ: ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ യജ്ഞം ജനുവരിയിൽ ആരംഭിക്കാനായേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദർ പൂനവാല. ഇന്ത്യയിൽ ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനെക്ക വാക്‌സിൻ കാൻഡിഡേറ്റ് പരീക്ഷിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. തന്റെ സ്ഥാപനത്തിന് വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം മാസാവസാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആദർ പൂനവാല പറഞ്ഞു.
ഒക്ടോബർ മാസത്തോടെ കൊവിഡിനു ശേഷം ജീവിതം സാധാരണ ഗതിയിലെത്തിക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2021 ഒക്ടോബറോടെ ഇന്ത്യയിലെ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ദ ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ സംസാരിച്ച പൂനവാല പറഞ്ഞു.
ഈ മാസാവസാനത്തോടെ, ഞങ്ങൾക്ക് കൊറോണ വൈറസ് വാക്‌സിനായി ഒരു അടിയന്തര ലൈസൻസ് ലഭിച്ചേക്കാം, എന്നാൽ വിശാലമായ ഉപയോഗത്തിനുള്ള യഥാർത്ഥ ലൈസൻസ് പിന്നീടുള്ള തീയതിയിലാവും ലഭിക്കുക. എന്നാൽ റെഗുലേറ്റർമാർ അനുമതി നൽകിയാൽ 2021 ജനുവരിയിൽ ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കാനാവുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് പൂനവാല പറഞ്ഞു.
ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഓക്സ്ഫോർഡ് കൊവിഡ് വാക്സിൻ ട്രയലുകളുടെ ഇടക്കാല ഫലങ്ങൾ കാണിക്കുന്നത് ശരാശരി 70 ശതമാനം ഫലപ്രാപ്തി വാക്സിൻ കാണിക്കുന്നുണ്ടെന്നാണ്. രണ്ട് ഉപ ഗ്രൂപ്പുകളിലായി നടത്തിയ പരീക്ഷണങ്ങളുടെ ശരാശരിയാണിത്. ഇതിൽ ഒരു ഗ്രൂപ്പിൽ ആദ്യം അര ഡോസും പിന്നീട് ഒരു ഡോസും എന്ന നിലയിൽ വാക്സിൻ നൽകിയപ്പോൾ 90 ശതമാനമാണ് ഫലപ്രാപ്തി ലഭിച്ചത്. എന്നാൽ രണ്ട് പൂർണ ഡോസുകളായി നൽകിയ ഉപവിഭാഗത്തിൽ 62 ശതമാനമായിരുന്നു ഫലപ്രാപ്തി.
