കൊവിഡ്19: ഓഹരി വിപണി തകര്‍ന്നടിയുന്നു; 15 മിനുട്ട് കൊണ്ട് നഷ്ടം ഏഴു ലക്ഷം കോടി

ഇനിയൊരു തിരിച്ചുവരവിന് എത്രകാലം കാത്തിരിക്കണമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റഴിയുന്നതാണ് വിപണിക്ക് തിരിച്ചടിയാകുന്നത്.

Update: 2020-03-19 06:15 GMT

മുംബൈ: കൊവിഡ് ഭീതിയില്‍ നിക്ഷേപ വില്‍പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി വിപണികള്‍ തകര്‍ന്നടിയുന്നു. വ്യാപാരം തുടങ്ങി 15 മിനിറ്റുകള്‍ക്കുള്ളില്‍ ഏഴു ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. വൈറസ് ബാധയെ പിടിച്ചുകെട്ടാന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ വ്യാപാരവ്യവസായ മേഖലകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് ലോകം.

ഇനിയൊരു തിരിച്ചുവരവിന് എത്രകാലം കാത്തിരിക്കണമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റഴിയുന്നതാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. സെന്‍സെക്‌സ് സൂചികയിലെ 30 ഓഹരികളില്‍ എല്ലാം തന്നെ നഷ്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്കിനാണ് കനത്ത തിരിച്ചടി. 13.63 ശതമാനംതാഴ്ന്ന് 1,013 നിലവാരത്തിലേയ്ക്ക് ഓഹരി വിലയെത്തി. ബജാജ് ഫിനാന്‍സ് 12 ശതമാനം കൂപ്പുകുത്തി.

ഇന്‍ഡസിന്റ് ബാങ്കും എച്ച്‌സിഎല്‍ ടെക്കുമാണ് നഷ്ടത്തില്‍ ഇവര്‍ക്കുപിന്നില്‍. 10 ശതമാനമാണ് ഇവയുടെ ഓഹരി വിലയിടിഞ്ഞത്. കഴിഞ്ഞ നാലു വ്യാപാര ദിനങ്ങളിലായി നേട്ടമുണ്ടാക്കിയ യെസ് ബാങ്ക് വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 23ശതമാനത്തിലേറെ താഴ്ന്നു. നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതാണ് ഓഹരിയുടെ വിലയെ ബാധിച്ചത്.

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നിഫ്റ്റി 50 സെഷന്‍ 8,063.30 ന് ആരംഭിച്ചെങ്കിലും തൊട്ടുപിന്നാലെ 636.25 പോയിന്റ് ഇടിഞ്ഞു. രാവിലെ 10.49 വരെ സെന്‍സെക്‌സ് 5.53 ശതമാനം ഇടിഞ്ഞ് 1,600.21 പോയിന്റിലും നിഫ്റ്റി 50 7,998.05 469.50 പോയിന്റിലും ഇടിഞ്ഞു. 2016 ഡിസംബറിന് ശേഷം ആദ്യമായി നിഫ്റ്റി 7,900 മാര്‍ക്കിലെത്തിയെന്ന് മണികണ്‍ട്രോള്‍ പറയുന്നു. അതേസമയം, രൂപയുടെ റെക്കോര്‍ഡ് താഴ്ന്ന നിലയില്‍ 69 പൈസ ഇടിഞ്ഞ് ഡോളറിന് 74.26 രൂപയായി. 

Tags:    

Similar News