കന്‍വാര്‍ തീര്‍ത്ഥാടകരുടെ കാല്‍ തടവി ഐപിഎസ് ഓഫിസര്‍(വീഡിയോ)

മുസഫര്‍നഗറിലും സഹാറന്‍പൂരിലും പോലിസുകാര്‍ തീര്‍ത്ഥാടകരെ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്

Update: 2019-07-28 01:42 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഷിംലയിലെ മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ കന്‍വാര്‍ തീര്‍ത്ഥാടകരുടെ കാല്‍ തടവുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ഹെല്‍ത്ത് ക്ലിനിക്കില്‍ വച്ച് ഒരു തീര്‍ത്ഥാടകന്റെ കാല്‍ ഐപിഎസ് ഓഫിസറും ഷിംല പോലിസ് സൂപ്രണ്ടുമായ അജയ്കുമാര്‍ തടവിക്കൊടുക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്.ഔദ്യോഗിക യൂനിഫോമണിഞ്ഞാണ് ഉദ്യോഗസ്ഥന്റെ മസാജിങ്. എന്നാല്‍, സംഭവത്തെ ന്യായീകരിച്ച് ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. ഹെല്‍ത്ത് ക്യാംപില്‍നിന്നുള്ള ദൃശ്യമാണെന്നും ക്യാംപ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പ്രതീകാത്മകമായാണ് ഇത്തരത്തില്‍ മസാജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു പോലിസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ തീര്‍ത്ഥാടകരുടെ സുരക്ഷയും ഇതുവഴി പോവുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടും പരഹരിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ ഡ്യൂട്ടിയല്ലെങ്കിലും ഇത്തരം സേവനങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കു കൂടി മാതൃകയാവാനാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   


    ഹരിദ്വാറിലേക്കുള്ള ശിവഭക്തരുടെ കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്കായി യുപി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുസഫര്‍നഗറിലും സഹാറന്‍പൂരിലും പോലിസുകാര്‍ തീര്‍ത്ഥാടകരെ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം മീററ്റില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഹെലികോപ്റ്ററില്‍ നിന്നു തീര്‍ത്ഥാടകര്‍ക്കു മേല്‍ പുഷ്പവൃഷ്ടി നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഡല്‍ഹി-ഹരിദ്വാര്‍ ദേശീയപാത ജൂലൈ 30 വരെ അടച്ചിട്ടിരിക്കുകയാണ്. പശ്ചിമ യുപിയിലെ സ്‌കൂളുകളും അടച്ചിട്ടു. കഴിഞ്ഞ തവണ കാന്‍വാര്‍ തീര്‍ത്ഥാടനത്തിനു പോവുകയായിരുന്ന ശിവഭക്തര്‍ പോലിസ് പരിശോധന നടത്തുന്നുവെന്നാരോപിച്ച് വന്‍തോതില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. മുസഫര്‍ നഗറില്‍ നിരവധി കാറുകള്‍ തകര്‍ത്തിരുന്നു. അക്രമഭീതി കാരണം ബറെയ്‌ലി ജില്ലയിലെ ഖൈലം ഗ്രാമത്തിലെ 70 ഓളം മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമത്തില്‍നിന്നു പലായനം ചെയ്തത് ഏറെ വിവാദമായിരുന്നു. സംഘര്‍ഷം ഭയന്ന് മീററ്റില്‍ അടക്കം യാത്ര കടന്നുപോവുന്ന സ്ഥലങ്ങളില്‍ പല നോണ്‍വെജ് ഹോട്ടലുകളും അടച്ചിടുകയായിരുന്നു. കഴിഞ്ഞവര്‍ഷം കന്‍വാര്‍ യാത്രയുടെ 13 ദിവസങ്ങളിലും നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. രണ്ടു വര്‍ഷം മുമ്പ് വരെ ശിവരാത്രി ദിനത്തില്‍ മാത്രം അടച്ചിടാനാണു നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും കഴിഞ്ഞ തവണ ഇത് വര്‍ധിപ്പിച്ചത് വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഉത്തരാഖണ്ഡിലെ വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തരുടെ തീര്‍ത്ഥാടന യാത്രയാണ് കന്‍വാര്‍ യാത്ര. കന്‍വാര്‍ തീര്‍ത്ഥാടകരുടെ അക്രമം തടയാന്‍ യുപി സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെതിരേ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.







Tags: