ഉമറിനും മെഹബൂബയ്ക്കും പിന്നാലെ നയീം അക്തറിനെതിരേയും പിഎസ്എ ചുമത്തി

പൊതു സുരക്ഷാ നിയമ (പിഎസ്എ) പ്രകാരം സംസ്ഥാനത്ത് കേസില്‍ അകപ്പെടുന്ന റാമത്തെ രാഷ്ട്രീയ നേതാവായി നയീം അക്തര്‍ മാറി. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം.

Update: 2020-02-08 14:33 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവര്‍ക്കെതിരെ പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തി കേസെടുത്ത് രണ്ടു ദിവസത്തിനുശേഷം പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) യുടെ മുതിര്‍ന്ന നേതാവ് നയീം അക്തറിനെതിരെയും കേന്ദ്രസര്‍ക്കാര്‍ ഇതേ നിയമ പ്രകാരം കേസെടുത്തു. ഇതോടെ, പൊതു സുരക്ഷാ നിയമ (പിഎസ്എ) പ്രകാരം സംസ്ഥാനത്ത് കേസില്‍ അകപ്പെടുന്ന റാമത്തെ രാഷ്ട്രീയ നേതാവായി നയീം അക്തര്‍ മാറി. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം.

സംസ്ഥാന സര്‍ക്കാരിലെ മുന്‍ മന്ത്രിയായിരുന്ന നയീം അക്തറിനെ ശ്രീനഗറിലെ ഗുപ്കര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന എം 5 ഹട്ടില്‍ പാര്‍പ്പിക്കും. അതേസമയം, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുബാറക് ഗുല്‍, തന്‍വീര്‍ സാദിഖ് എന്നിവരെ എംഎല്‍എ ഹോസ്റ്റല്‍ സബ് ജയിലില്‍ നിന്ന് അവരുടെ വസതികളിലേക്ക് മാറ്റി.

പാര്‍ട്ടി വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല, ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍ തുടങ്ങിയവര്‍ക്കെതിരേ പൊതു സുരക്ഷാ നിയമം (പിഎസ്എ) പ്രകാരം കേസെടുത്തതില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വെള്ളിയാഴ്ച അപലപിച്ചു. 'ക്രൂരമായ' ഈ നീക്കം കേന്ദ്രത്തിന്റെ ഏകാധിപത്യസ്വഭാവത്തിന്റെ മറ്റൊരു നഗ്‌നമായ ചിത്രമാണ് എന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവര്‍ക്കെതിരേ വ്യാഴാഴ്ച രാത്രിയാണ് പിഎസ്എ ചുമത്തിയത്. അവരുടെ ആറുമാസത്തോളം നീണ്ട വീട്ടു തടങ്കല്‍ അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇത്.

ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, നയീം അക്തര്‍, അലി മുഹമ്മദ് സാഗര്‍, സര്‍താജ് മദനി എന്നിവരാണ് പിഎസ്എ നിയമം ചുമത്തപ്പെട്ട ആറ് ജമ്മു കശ്മീര്‍ രാഷ്ട്രീയക്കാര്‍. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല കഴിഞ്ഞ ആറ് മാസമായി പിഎസ്എയുടെ കീഴിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പിഎസ്എയ്ക്ക് കീഴില്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തു, ഇത് ഡിസംബറില്‍ വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

Tags:    

Similar News