ബാബരി കേസ് അഭിഭാഷകന്‍ അഡ്വ. സഫരിയാബ് ജീലാനി അന്തരിച്ചു

Update: 2023-05-17 07:27 GMT

ന്യൂഡല്‍ഹി: ബാബരി കേസില്‍ ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അഭിഭാഷകനായിരുന്ന അഡ്വ. സഫരിയാബ് ജീലാനി അന്തരിച്ചു. 73 വയസ്സായിരുന്നു. ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സെക്രട്ടറി, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ തുടങ്ങിയ പദവികള്‍ വഹിച്ച അഡ്വ. സഫരിയാബ് ജീലാനി മുസ് ലിം വ്യക്തിനിയമത്തിലും ഇന്ത്യന്‍ ശിക്ഷാനിയമത്തിലും അതി വിദഗ്ദ്ധനാണ്. എഐഎംപിഎല്‍ബിയുടെ ലീഗല്‍ സെല്ലിലെ മുതിര്‍ന്ന അംഗം കൂടിയാണ്. ഉത്തര്‍പ്രദേശിലെ മുന്‍ അഡീഷനല്‍ അഡ്വക്ക ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ മാലിഹാബാദില്‍ 1950ലാണ് ജനനം. നിലവില്‍ ലഖ്‌നൗയിലെ നാസര്‍ബാഗിലാണ് താമസം. 2019 നവംബര്‍ എട്ടിന് സുപ്രിം കോടതി ബാബരി മസ്ജിദ് കേസില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഉത്തരവിട്ടപ്പോള് വിധിയില്‍ സഫര്‍യാബ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, സുപ്രിംകോടതി തീരുമാനത്തെ മാനിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നിയമത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്. മുസ് ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമപോരാട്ടത്തില്‍ സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു. 1978ലാണ് അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡുമായി അടുക്കുന്നത്. 1985ഓടെ ബോര്‍ഡ് അംഗമായി. ഏറെ കോളിളക്കം സൃഷ്ടിച്ച ഷാ ബാനു കേസിലെ വ്യക്തിനിയമ ബോര്‍ഡിന്റെ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറായിരുന്നു. സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന്റെ ദേശീയതല കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ജുമാന്‍ ഇസ്‌ലാഹുല്‍ മുസ് ലിമീന്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാരിതര സംഘടനകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Similar News