സീമാചല്‍ എക്‌സ്പ്രസ് പാളംതെറ്റി; ആറു മരണം

ഇന്ന് പുലര്‍ച്ചെ 3.58നു ഡല്‍ഹി അതിര്‍ത്തിയായ ബീഹാറിലെ വൈശാലി ജില്ലയിലാണ് അപകടം

Update: 2019-02-03 03:07 GMT

ന്യൂഡല്‍ഹി: ബീഹാറില്‍ സീമാചല്‍ എക്‌സ്പ്രസ് പാളംതെറ്റി മറിഞ്ഞ് ആറു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലു സ്ത്രീകളുണ്ടെന്നാണു റിപോര്‍ട്ട്. കുറഞ്ഞത് 14 പേര്‍ക്കെങ്കിലും പരിക്കേറ്റതായാണു വിവരം. ഇന്ന് പുലര്‍ച്ചെ 3.58നു ഡല്‍ഹി അതിര്‍ത്തിയായ ബീഹാറിലെ വൈശാലി ജില്ലയിലാണ് അപകടം. ഒരു ജനറല്‍ കോച്ച്, ഒരു എസി കോച്ച്, മൂന്ന് സ്ലീപ്പര്‍ കോച്ച് ഉള്‍പ്പെടെ ഒമ്പത് കോച്ചുകളാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വക്താവ് രാജേഷ്‌കുമാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. മെയില്‍ സംവിധാനമുള്ള തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അപകടത്തെ കുറിച്ച് അന്വേഷിക്കാനും ആവശ്യമായ എല്ല സഹായങ്ങളും നല്‍കാനും നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു സംഘം സ്ഥലത്തെത്തിയതായും റെയില്‍വേ പബ്ലിക് റിലേഷന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സ്മിത വാട്‌സ് ശര്‍മ പറഞ്ഞു. ബീഹാറിലെ സഹദായ് ബുസുര്‍ഗിലെ ജോഗ്ബാനിആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ സീമാഞ്ചല്‍ എക്‌സ് പ്രസിലെ 9 കോച്ചുകളാണ് പാളം തെറ്റിയതെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസ് ട്വിറ്ററിലൂടെ അറിയിച്ചു. ബറൂണിയില്‍ നിന്നും സോന്‍പൂരില്‍ നിന്നുമുള്ള ഒരുസംഘം ഡോക്ടര്‍മാര്‍ സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. അപകടസ്ഥലത്തേക്കുള്ള അവശ്യവസ്തുക്കളുമായുള്ള ട്രെയിനും പുറപ്പെട്ടിട്ടുണ്ട്. റെയില്‍വേ ഹെല്‍പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി. സോന്‍പൂര്‍: 06158221645, ഹാജിപൂര്‍: 06224272230, ബറോണി: 06279232222.




Tags:    

Similar News