രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെ വിതരണം ചെയ്യുന്നു: കനയ്യ കുമാര്‍
'ഈ ഗോഡ്‌സേവാദികളും കലാപകാരികളും യുവാക്കളുടെ കൈകളില്‍ തോക്കുകള്‍ കൊടുക്കുകയാണ്. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ മകനുവേണ്ടി ബിസിസിഐ സെക്രട്ടറിയുടെ പോസ്റ്റ് നേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കതിഹാര്‍: രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെ സൗജന്യമായി വിതരണം ചെയ്യുകയാണെന്നു സിപി ഐ നേതാവ് കനയ്യ കുമാര്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഒരു പോലിസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തിട്ടില്ലെങ്കിലും രാജ്യദ്രോഹക്കുറ്റം പലര്‍ക്കും സൗജന്യമായി വിതരണം ചെയ്യുകയാണ്. സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നു. കര്‍ണാടകയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കെതിരേ നാടകം അവതരിപ്പിച്ചതിന് കേസെടുത്തു. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരേയും കേസെടുത്തെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗിരിരാജ് സിങിനെതിരേ മല്‍സരിച്ച് പരാജയപ്പെട്ട കനയ്യ കുമാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായാണ് പ്രതികരിച്ചത്. മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയുടെ അനുയായികളാണെന്നും കനയ്യ പറഞ്ഞു. 'ഈ ഗോഡ്‌സേവാദികളും കലാപകാരികളും യുവാക്കളുടെ കൈകളില്‍ തോക്കുകള്‍ കൊടുക്കുകയാണ്. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ മകനുവേണ്ടി ബിസിസിഐ സെക്രട്ടറിയുടെ പോസ്റ്റ് നേടുകയാണെന്നും അദ്ദേഹം പറഞ്ഞു. 'അധികാരത്തിലിരിക്കുന്നവര്‍ അവരുടെ കുട്ടികളെ ഓക്‌സ്ഫഡ്, കാബ്രിജ്, വിദേശത്തുള്ള മറ്റ് ഉന്നത സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്നു. അതേസമയം രാജ്യത്തെ സാധാരണ ചെറുപ്പക്കാരും യുവതികളും മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷമെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ന്യൂസ് ചാനലുകളും ഹിന്ദു-മുസ് ലിം കളിയുടെ ഭാഗമായി മാറിയിരിക്കുന്നു. അയോധ്യയില്‍ ഒരു രാമക്ഷേത്രം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ ആളുകള്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് യാതൊരു കവറേജും ലഭിക്കുന്നില്ലെന്നും കനയ്യ പറഞ്ഞു.