രാജ്യദ്രോഹക്കുറ്റം; സാംസ്‌കാരിക നായകര്‍ക്ക് എസ് ഡിപിഐ പിന്തുണ

ഇതിനെതിരേ പൊതുജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധിക്കണം

Update: 2019-10-04 13:46 GMT

തിരുവനന്തപുരം: രാജ്യത്ത് സംഘപരിവാരം നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര മേഖലയിലെ 49 പ്രമുഖര്‍ക്കെതിരേ കേസെടുത്ത നടപടി അപലപനീയമാണെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ആക്രമണങ്ങള്‍ക്കെതിരേ പ്രതികരിച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചും പശുവിന്റെ പേരിലും സംഘപരിവാരം നടുറോഡില്‍ നിരപരാധികളെ തല്ലിക്കൊല്ലുമ്പോള്‍ അവര്‍ക്കെതിരേ കേസെടുക്കാന്‍ തയ്യാറാവാത്തവര്‍ അക്രമത്തെ അപലപിക്കുമ്പോള്‍ അതിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പ്രതിഷേധാര്‍ഹവും ലജ്ജാകരവുമാണ്. മതത്തിന്റെ പേരില്‍ തെരുവില്‍ കൊലനടത്തുമ്പോള്‍ വ്രണപ്പെടാത്ത മതവികാരം പ്രതിഷേധിക്കുമ്പോള്‍ ഉണ്ടാവുന്നത് മോദി ഭരണത്തില്‍ രാജ്യം എത്തിനില്‍ക്കുന്ന ഭീകരാവസ്ഥയാണ് വ്യക്തമാക്കുന്നത്. വിമത ശബ്ദങ്ങളെ നിശബ്ദമാക്കി കേന്ദ്രഭരണത്തിന്റെ മറവില്‍ ഭീകരതാണ്ഡവം തുടരാമെന്നാണ് വ്യാമോഹമെങ്കില്‍ അത് രാജ്യസ്‌നേഹികള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും സാംസ്‌കാരിക നായകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി പ്രകടനം നടത്തുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.

    രാജ്യത്ത് സംഘപരിവാരം നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 സാംസ്‌കാരിക പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരേ എസ് ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും അടിച്ചമര്‍ത്താനുള്ള നീക്കങ്ങളുടെ സൂചനകളാണ്. ഇതിനെതിരേ പൊതുജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധിക്കണം. എതിര്‍ ശബ്ദങ്ങളെ ഭയപ്പെട്ടില്ലതാക്കുന്ന ഫാഷിസ്റ്റ് നീക്കത്തിന്റെ അപകടം ഇനിയും തിരിച്ചറിയാതെ പോവരുതെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. എം എ സലീം, സലീം കാരാടി സംസാരിച്ചു.


Tags: