സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്: ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കമെന്ന് എം കെ ഫൈസി

വംശീയാതിക്രമങ്ങള്‍ക്കെതിരേ പ്രതികരിച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അവരുടെ പോരാട്ടങ്ങളോട് ഐക്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2019-10-05 04:44 GMT

ന്യുഡല്‍ഹി: രാജ്യത്ത് സംഘപരിവാരം നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര മേഖലയിലെ 49 പ്രമുഖര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇത്തരം എകാധിപത്യ നീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചും പശുവിന്റെ പേരിലും സംഘപരിവാരം പൊതു ഇടങ്ങളിലിട്ട് നിരപരാധികളെ തല്ലിക്കൊല്ലുമ്പോള്‍ അവര്‍ക്കെതിരേ കേസെടുക്കാന്‍ തയ്യാറാവാത്തവര്‍ അക്രമത്തെ അപലപിക്കുമ്പോള്‍ അതിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ജനാധിപത്യത്തെ നിരാകരിക്കലാണ്. വംശീയാതിക്രമങ്ങള്‍ക്കെതിരേ പ്രതികരിച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അവരുടെ പോരാട്ടങ്ങളോട് ഐക്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.



Tags: