മുഖ്യമന്ത്രിക്ക് പിന്തുണയറിയിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാര്‍; ജോലി സമയത്ത് പ്രകടനം നടത്തി
അതേസമയം മുഖ്യമന്ത്രിക്ക് എതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. വിളപ്പില്‍ ശാലയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയറിയിച്ച് സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍. മുഖ്യമന്ത്രിക്ക് എതിരേ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രകടനം നടത്തി. ജോലി സമയത്തായിരുന്നു പ്രകടനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജീവനക്കാരാണ് മുഖ്യമന്ത്രിയെ അനുകൂലിച്ച് മാര്‍ച്ച് നടത്തിയത്. മുന്നൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
അതേസമയം മുഖ്യമന്ത്രിക്ക് എതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. വിളപ്പില്‍ ശാലയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിണറായി വിജയന് നേരെ കരിങ്കൊടി വീശി. രാവിലെ ക്ലിഫ് ഹൗസിന് മുന്നില്‍ കറുത്തസാരിയുടുത്ത് മഹിള മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധിച്ചിരുന്നു. ഇവരെയും പോലിസ് അറ്സ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം വിമാനത്തില്‍ വെച്ച് നടത്തിയ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി എഫ്‌ഐആര്‍. പ്രതികളെത്തിയത് മുഖ്യമന്ത്രിയെ വധിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം, നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് അടുത്തു. തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
കണ്ണൂരില്‍ നിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നാളുടെ പേരില്‍ കേസെടുത്തു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലിസാണ് കേസെടുത്തത്.
