ഇസ്രായേലില്‍നിന്ന് ഫലസ്തീന്‍ അതോറിറ്റിക്ക് രഹസ്യമായി പണം കൈമാറിയെന്ന് വെളിപ്പെടുത്തല്‍

തെല്‍ അവീവിലെ പ്രതിരോധ സ്ഥാപനവും ധനകാര്യ മന്ത്രാലയവും 'ഫലസ്തീന്‍ അതോറിറ്റിക്ക് പണം കൈമാറുന്ന ഒരു രഹസ്യ ബജറ്ററി ഫണ്ട് നടത്തിവരുന്നതായി' ഇസ്രായേലി പത്രമായ ഇസ്രായേല്‍ ഹയോം ആണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

Update: 2022-07-18 17:49 GMT

തെല്‍അവീവ്: വെസ്റ്റ് ബാങ്കിലെ ഭരണം കൈയാളുന്ന മഹ്മൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന ഫലസ്തീന്‍ അതോറിറ്റിക്ക് ഇസ്രായേല്‍ രഹസ്യമായി പണം കൈമാറിയെന്ന് വെളിപ്പെടുത്തല്‍. തെല്‍ അവീവിലെ പ്രതിരോധ സ്ഥാപനവും ധനകാര്യ മന്ത്രാലയവും 'ഫലസ്തീന്‍ അതോറിറ്റിക്ക് പണം കൈമാറുന്ന ഒരു രഹസ്യ ബജറ്ററി ഫണ്ട് നടത്തിവരുന്നതായി' ഇസ്രായേലി പത്രമായ ഇസ്രായേല്‍ ഹയോം ആണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

പത്രം പറയുന്നതനുസരിച്ച്, ഇതുവരെ പുറത്തുവരാത്ത ഒരു മാര്‍ഗത്തിലൂടെയാണ് പണം കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കോഹെലെറ്റ് പോളിസി ഫോറം സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫലസ്തീനികള്‍ക്ക് 10 കോടി ഷെക്കേല്‍ (28.86 ദശലക്ഷം ഡോളര്‍) 'വായ്പ' കൈമാറാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി യേല്‍ മൊറാഗ് യാക്കോഎല്‍ വ്യക്തമാക്കി. ഇത് ബജറ്റില്‍ ഇല്ലെന്നും സിവില്‍ അഡ്മിനിസ്‌ട്രേഷന്റെയും ധനമന്ത്രാലയത്തിന്റെയും ബജറ്റ് വകുപ്പാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഫലസ്തീനികള്‍ക്കുള്ള പേയ്‌മെന്റിനെക്കുറിച്ച് ഒരു മാസം മുമ്പ് നെസെറ്റിന്റെ വിദേശകാര്യ, സുരക്ഷാ സമിതി വിപുലമായ ചര്‍ച്ച നടത്തിയെന്നും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍, ധനകാര്യ മന്ത്രാലയം എന്നിവയുള്‍പ്പെടെ ഇസ്രായേല്‍ സര്‍ക്കാരിന്റെ പത്ത് പ്രതിനിധികള്‍ പങ്കെടുത്തിട്ടും ഇവര്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ മറച്ചുവെക്കുകയായിരുന്നുവെന്നും ഇസ്രായേല്‍ ഹയോം വ്യക്തമാക്കി.

വെസ്റ്റ് ബാങ്കിലേക്കും ഹമാസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് തടയാന്‍ ഫലസ്തീന്‍ അതോറിറ്റി ഇസ്രായേല്‍ അധികൃതരുമായി നിയമവിരുദ്ധമായി കൈകോര്‍ക്കുന്നതായി നേരത്തേയും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News