പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ പോലിസ് നരനായാട്ട്; ഉപ്പിനങ്ങാടിയില്‍ വെള്ളിയാഴ്ച വരെ നിരോധനാജ്ഞ

അനാവശ്യമായി പ്രകോപനമുണ്ടാക്കുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്ത പോലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച എസ്പി ഓഫിസ് മാര്‍ച്ചും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായ ഡോ. യതീഷ് ഉള്ളാള്‍ അടുത്ത രണ്ട് ദിവസത്തേക്ക് പുത്തൂര്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ 144 വകുപ്പ് ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്.

Update: 2021-12-15 16:02 GMT

മംഗളൂരു: കര്‍ണാടകയിലെ ഉപ്പിനങ്ങാടിയില്‍ അന്യായമായി കസ്റ്റഡിയിലെടുത്ത ജില്ലാ പ്രസിഡന്റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് സ്റ്റേഷനു പുറത്ത് സമാധാനപരമായി പ്രതിഷേധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് നരനായാട്ട് നടത്തിയതിനു പിന്നാലെ പുത്തൂര്‍ സബ്ഡിവിഷനില്‍ നിരോധനാജ്ഞ.

പോലിസ് നരനായാട്ടിനെതിരേ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനും അനാവശ്യമായി പ്രകോപനമുണ്ടാക്കുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്ത പോലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച എസ്പി ഓഫിസ് മാര്‍ച്ചും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായ ഡോ. യതീഷ് ഉള്ളാള്‍ അടുത്ത രണ്ട് ദിവസത്തേക്ക് പുത്തൂര്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ 144 വകുപ്പ് ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്.

സംഘര്‍ഷം തുടരുന്നതിനിടെ, മുന്‍കരുതല്‍ നടപടിയായുടെ ഭാഗമായാണ് നിരോധനാജ്ഞയെന്ന് അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 17 അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു പ്രകാരം പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവ നടത്തുന്നതിന് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തി. അഞ്ചോ അതിലധികമോ ആളുകള്‍ പൊതുസ്ഥലത്ത് ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് പ്രതിഷേധത്തിനു നേരെ പോലിസ് അതിക്രമം അഴിച്ചുവിട്ടത്. ഡിസംബര്‍ അഞ്ചിന് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ അന്റിത്തഡ്ക എന്ന സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഡിസംബര്‍ ആറിന് മറ്റൊരിടത്തും സംഘര്‍ഷമുണ്ടായി.

ആദ്യ സംഭവത്തില്‍ 43 പേര്‍ക്കെതിരേയും രണ്ടാമത്തെ സംഭവത്തില്‍ 30ഓളം പേര്‍ക്കെതിരെയും പോലിസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി ചിലരെ കസ്റ്റഡിയിലെടുത്തു.

ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, സക്കരിയ്യ കൊടിപ്പാടി, മുസ്തഫ ലത്തീഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്നാണ് പോലിസ് പറഞ്ഞത്. വിട്ടയക്കാത്തതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ തടിച്ചുകൂടി.

ഉച്ചയോടെ ഒരാളെ പോലിസ് വിട്ടയച്ചു. ഇതിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപ്പിനങ്ങാടിയില്‍ പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ മറ്റു രണ്ടു പേരെ വിട്ടയക്കാത്തതിനെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുമ്പില്‍ വീണ്ടും പ്രതിഷേധിച്ചു. തുടര്‍ന്ന് പോലിസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പോലിസ് നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പരലുരുടേയും നില ഗുരുതരമാണ്.

പ്രവര്‍ത്തകര്‍ക്ക് തലയ്ക്കും മുഖത്തുമാണ് അടിയേറ്റത്. പോലീസ് കൃത്യമായ ലക്ഷ്യത്തോടെയാണ് പെരുമാറിയതെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ നിര്‍ദേശത്തിന് അനുസരിച്ചാണ് പോലിസ് ലാത്തി വീശിയത്. പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കേസ് പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വ്യക്തമാക്കി.

Tags: