കണ്ണൂര്‍: 'യൂത്ത് പവര്‍, പൊളിറ്റിക്കല്‍ പവര്‍' എന്ന മുദ്രാവാക്യമുയര്‍ത്തി എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ യൂത്ത് സര്‍ക്കിള്‍ സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് ബീച്ച് ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം സംഘടിപ്പിച്ച പരിപാടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്രറഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ വകവച്ചു നല്‍കാത്തവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. തങ്ങള്‍ക്ക് വിധേയപ്പെടാത്ത വ്യക്തികളെ പാര്‍ട്ടികളെ മാധ്യമങ്ങളെ വേട്ടയാടുന്ന സമീപനമാണ് രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്നതെന്ന് മൂവാറ്റുപുഴ അശ്‌റഫ് മൗലവി പറഞ്ഞു. നമ്മുടെ ഭരണഘടന മൂല്യങ്ങളെ പോലും മാനിക്കാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്ര നിര്‍മാണ സംഘാടനത്തിന്റെ ഭാഗമാവാന്‍ യുവത്വം തയ്യാറാവണമെന്നും അശ്‌റഫ് മൗലവി ആഹ്വാനം ചെയ്തു. വര്‍ത്തമാന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ യുവജനങ്ങളുടെ ചോദ്യങ്ങളോട് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി മൂവാറ്റുപുഴ സംവദിച്ചു. നൂറുകണക്കിന് യുവതി-യുവാക്കള്‍ ആശയ സംവാദ പരിപാടിയില്‍ പങ്കാളിയായി.
പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ. സി എച്ച് അശ്‌റഫ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ, മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റജീന ടീച്ചര്‍, യാസിര്‍ പാപ്പിനിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കോര്‍ത്തിണക്കി റാപ് സംഗീതജ്ഞന്‍ മുബാസ്, ക്രിസ്റ്റീന്‍ എന്നിവര്‍ അവതരിപ്പിച്ച റാപ് മ്യൂസിക്കും അരങ്ങേറി. അധികാരക്കൊതിയില്‍ ധാര്‍മ്മികതക്ക് ഇടം നല്‍കാത്ത വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ പാശ്ചാത്തലത്തില്‍ കുറ്റമറ്റതും രാജ്യത്തോട് കൂറും കടപ്പാടുമുളള യുവതയെ വാര്‍ത്തെടുക്കുക ലക്ഷ്യമിട്ടാണ് യൂത്ത് സര്‍ക്കിള്‍ സംഘടിപ്പിച്ചത്.
