എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് എട്ട് വര്‍ഷം കഠിന തടവ്

സിപിഎം പ്രവര്‍ത്തകരായ കൈതേരി കപ്പണ സ്വദേശികളായ പൊന്നാന്തേരി പി പ്രഭു ലാല്‍(45), കൊച്ചുവീട്ടില്‍ കെ എം അനില്‍ എന്ന കുട്ടന്‍(40), പാലാപറമ്പ് സ്വദേശികളായ ശിവഗീതത്തില്‍ പി ജിത്തു(36) എന്നിവര്‍ക്കാണ് തലശ്ശേരി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി കെ പി അനില്‍കുമാര്‍ എട്ടു വര്‍ഷം തടവ് വിധിച്ചത്.

Update: 2019-07-09 15:04 GMT

തലശ്ശേരി: കൂത്തുപറമ്പിലെ മലബാര്‍ ചിക്കന്‍ സ്റ്റാളില്‍ അതിക്രമിച്ച കയറി എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് എട്ട് വര്‍ഷം കഠിന തടവ്. സിപിഎം പ്രവര്‍ത്തകരായ കൈതേരി കപ്പണ സ്വദേശികളായ പൊന്നാന്തേരി പി പ്രഭു ലാല്‍(45), കൊച്ചുവീട്ടില്‍ കെ എം അനില്‍ എന്ന കുട്ടന്‍(40), പാലാപറമ്പ് സ്വദേശികളായ ശിവഗീതത്തില്‍ പി ജിത്തു(36) എന്നിവര്‍ക്കാണ് തലശ്ശേരി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി കെ പി അനില്‍കുമാര്‍ എട്ടു വര്‍ഷം തടവ് വിധിച്ചത്. എം എം അജേഷ്(31), കെ സ്വരലാല്‍(33), മൂര്യാട് ചുള്ളിയിലെ വയലില്‍ വീട്ടില്‍ അണ്ണേരി വിപിന്‍(34) എന്നിവരെ വെറുതെവിട്ടു.

2010 ഒക്ടോബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. രാത്രി എഴര മണിയോടെ പ്രതികള്‍ മാരകായുധങ്ങളുമായി ഇറച്ചിക്കടയില്‍ അതിക്രമിച്ചു കയറി സ്റ്റാളില്‍ ജോലി ചെയ്യുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനായ വാഴയില്‍ ബഷീറിനെ(30) വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ബഷീര്‍ മാസങ്ങളോളം ചികില്‍സയില്‍ കഴിയുകയും ഒരു കാലിന്റെ മുട്ടിന് താഴെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ കള്ളവോട്ട് തടഞ്ഞതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്.

സംഭവം നടക്കുമ്പോള്‍ ചിക്കന്‍ സ്റ്റാളില്‍ ഉണ്ടായിരുന്ന പഴശ്ശി കയനിയിലെ കാളാം വീട്ടില്‍ വി റഫീഖിന്റെ പരാതി പ്രകാരമാണ് പോലിസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. കെ എം ഫസല്‍, പി മനോജ്, ഡോ. പ്രേംനാഥ്, ഡോ. മുഹമ്മദ് അമീര്‍, നഗരസഭയിലെ ഉദ്യോഗസ്ഥന്‍ എം എം ജോഷി, വില്ലേജ് ഓഫിസര്‍ ആര്‍ വിനോദ് കുമാര്‍, പോലിസ് ഓഫിസര്‍മാരായ എം ആര്‍ ബിജു, സജേഷ് വാഴാളപ്പില്‍ തുടങ്ങിയവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി പി ശശീന്ദ്രന്‍, അഡീഷനല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. കെ രാമചന്ദ്രന്‍ എന്നിവരാണ് ഹാജരായത്. 

Tags: