രാമക്ഷേത്ര നിര്‍മാണത്തിന് എസ്ബിഐ വഴി ഫണ്ട് സമാഹരണം: മോദി സര്‍ക്കാര്‍ മതേതരത്വത്തെ അവഹേളിക്കുന്നു-എസ്ഡിപിഐ

മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഭീകരപ്രവര്‍ത്തനമാണ് ബാബരി മസ്ജിദ് ധ്വംസനം.

Update: 2020-08-28 11:11 GMT

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഉപയോഗിച്ച് രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് സ്വരൂപിക്കുന്നത് ബാബരി മസ്ജിദിന്റെ ഭൂമി തട്ടിയെടുത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണം നടത്തുന്നതുപോലെ തന്നെ അധാര്‍മികമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ്. ഇത് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ വെല്ലുവിളിക്കുന്നതാണ്. രാജ്യം ഭരിക്കുന്നത് മതഭ്രാന്തരായ ഫാഷിസ്റ്റ് ശക്തികളാണെങ്കിലും ഇന്ത്യ ഇപ്പോഴും ഒരു മതേതര രാജ്യമാണ്.

മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഭീകരപ്രവര്‍ത്തനമാണ് ബാബരി മസ്ജിദ് ധ്വംസനം. ക്ഷേത്രം നശിപ്പിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന സ്വന്തം കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി ബാബരി മസ്ജിദ് ഭൂമി നിയമവിരുദ്ധമായി ക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീം കോടതി കൈമാറുകയായിരുന്നു. മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായാണ്. ക്ഷേത്ര നിര്‍മാണത്തിനായി എസ്ബിഐ വഴി ഫണ്ട് ശേഖരിക്കാനുള്ള ഇപ്പോഴത്തെ നീക്കം മോഡി സര്‍ക്കാരിന്റെ അധാര്‍മികവും മതേതര വിരുദ്ധവുമായ അവസാനത്തെ നടപടിയല്ല. മതേതര പാര്‍ട്ടികള്‍ എന്നവകാശപ്പെടുന്നവരുടെ നിശബ്ദത കേന്ദ്രസര്‍ക്കാരിന്റെ മതേതര വിരുദ്ധ നടപടിയേക്കാള്‍ ഭയാനകരമാണ്.

മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും മതേതര വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെയെല്ലാം മതേതര കക്ഷികള്‍ ലാഘവത്തോടെയാണ് കാണുന്നത്. ഇത് ഫാഷിസ്റ്റ് അജണ്ടകളെല്ലാം എളുപ്പത്തില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സഹായകരമാകുന്നു. മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള ആര്‍എസ്എസ് അജണ്ടയെ ചെറുക്കാനും പരാജയപ്പെടുത്താനും രാജ്യത്തെ മതേതര ചിന്താഗതിക്കാരായ ആളുകള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ വൈവിധ്യത്തിന്റെ ഇന്ത്യ ഒരു മുന്‍കാല കഥയായി മാറും. ക്ഷേത്ര നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി എസ്ബിഐയെ ഉപയോഗിക്കുന്ന നിലവിലെ പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അബ്ദുല്‍ മജീദ് പറഞ്ഞു. 

Tags: