വിഴിഞ്ഞം സംഘര്‍ഷം: സമഗ്രാന്വേഷണം വേണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി; വൈദീകന്റെ വംശീയ പരാമര്‍ശം അപലപനീയം

Update: 2022-11-30 11:25 GMT


തിരുവനന്തപുരം: തീരത്തെയും തീരദേശവാസികളെയും ഗുരുതമായി ബാധിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കെതിരേ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിന്‍ നടക്കുന്ന സമരം സംഘര്‍ഷ ഭരിതമായതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ന്യായമായ ആവശ്യം മുന്‍നിര്‍ത്തിയുള്ള സമരത്തില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള അനിഷ്ടകരമായ സംഭവങ്ങള്‍ ഉണ്ടായത് അംഗീകരിക്കാനാവില്ല. സമരനേതൃത്വത്തിലുള്ള ഫാ. തിയോഡോഷ്യസ് ഡിക്രൂസ് മന്ത്രി വി അബ്ദുര്‍ റഹ്മാനെതിരേ നടത്തിയ വംശീയ പരാമര്‍ശം അപലപനീയമാണ്. പേരില്‍ തന്നെ രാജ്യദ്രോഹിയുണ്ടെന്ന പ്രസ്താവന വര്‍ഗീയ ചിന്തയില്‍ നിന്ന് രൂപം കൊണ്ടതാണ്. ഇത്തരം ആളുകളുടെ ഇടപെടലാണോ സമാധാന സമരത്തെ സംഘര്‍ഷഭരിതമാക്കിയതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

തീരദേശവാസികളുടെ സമരത്തെ പൊളിക്കാന്‍ സിപിഎമ്മും ആര്‍എസ്എസ്സും ഐക്യപ്പെട്ടത് ദുരൂഹമാണ്. 35 ലധികം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പോലീസ് സ്‌റ്റേഷനും പോലീസ് വാഹനങ്ങളും ആക്രമിച്ചതും അന്യായമാണ്. പോലീസ് നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്താം പക്ഷേ അക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ച് കഥകള്‍ മെനയുന്നതിനുപകരം സമഗ്രമായ അന്വേഷണവും തുടര്‍നടപടികളുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. ആര്‍എസ്എസ് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളും ഇടപെടലുകളും അന്വേഷണ വിധേയമാക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍ സംബന്ധിച്ചു.