രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തുറന്നുകാട്ടുന്നത് ഭരണകൂട വര്‍ഗ്ഗങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നു: റോയ് അറക്കല്‍

Update: 2022-12-01 14:10 GMT


ഒറ്റപ്പാലം : രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തുറന്നുകാട്ടുന്നത് ഭരണകൂട വര്‍ഗ്ഗങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നതായി എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍. പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മറ്റി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെ ജില്ലയില്‍ നടത്തുന്ന കാംപയിനിന്റെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തില്‍ നടന്ന വാഹന പ്രചാരണ ജാഥയുടെ മണ്ഡലംതല സമാപന സമ്മേളനവും പ്രതിഷേധ സംഗമവും പഴയ ലക്കിടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലയാളുകളുടെ താല്‍പര്യത്തിന് അനുസരിച്ചാണ് പാലക്കാട് പോലീസ് പെരുമാറുന്നത്. പരിശീലിച്ച കാര്യങ്ങള്‍ പലപ്പോഴും പാലക്കാട് പോലീസ് മറന്നുപോകുന്നു. ഇന്ത്യന്‍ ഭരണഘടന തൊട്ട് സത്യം ചെയ്ത പോലീസുകാര്‍ ചിലര്‍ക്ക് വേണ്ടിയുള്ള ചട്ടുകങ്ങളാകരുത്.

5000 കോടിയുടെ ഭൂമിതട്ടിപ്പാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടക്കാന്‍ പോകുന്നത്. വൈദികര്‍ നിയമവിരുദ്ധമായി സമരമുറകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം. മത്സ്യത്തൊഴിലാളികളുടെ സഹായമില്ലെങ്കില്‍ കേരളം ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും വിജയിക്കാന്‍ കഴിയില്ല. ഒരു വിഭാഗത്തെ അകറ്റിനിര്‍ത്താന്‍ തീവ്രവാദവും ഭീകരവാദവും ആയുധമാക്കുകയാണ്. പോലീസ് ജനങ്ങളോട് നീതിപൂര്‍വം പെരുമാറണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.

ഒന്നാം വില്ലേജ് പരിസരത്ത് നിന്നും തുടങ്ങിയ പ്രതിഷേധറാലി പഴയ ലെക്കിടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗം എ വൈ കുഞ്ഞിമുഹമ്മദ്, മണ്ഡലം പ്രസിഡണ്ട് താഹിര്‍ പത്തിരിപ്പാല, മണ്ഡലം സെക്രട്ടറി ഫിറോസ് കിഴക്കേത്തല, മണ്ഡലം വൈ. പ്രസിഡന്റ് അഷ്‌റഫ് കുന്നുംപുറം സംസാരിച്ചു.

Similar News