ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് വിധി സംവരണ നയത്തിന് വിരുദ്ധമാണെന്നും വിധി പുന:പരിശോധിക്കണമെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബിഎം കാംബ്ലെ. സാമൂഹികവും സാമ്പത്തികവുമായ ദാരിദ്ര്യം അനുഭവിക്കുന്ന എസ്ഇബിസി, ഒബിസി, എസ് സി, എസ്ടി എന്നിവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതാണ് മുന്നാക്ക സംവരണം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സമൂഹത്തെ കൂടുതല്‍ അരികുവല്‍ക്കരിക്കാന്‍ വലതുപക്ഷ ബിജെപി മുന്നോട്ടുവെക്കുന്ന മറ്റൊരു സവര്‍ണാനുകൂലനയത്തിനുള്ള പിന്തുണയാണ് ഈ വിധിയെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 എന്നിവയില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനായി 15 (6), 16 (6) എന്നിവ ഉള്‍പ്പെടുത്തി 2019 ജനുവരി 9 നാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. വൈകാതെ തന്നെ രാഷ്ട്രപതി ഒപ്പുവെച്ചതോടെ 103 ാം ഭരണഘടനാ ഭേദഗതി നിയമമാവുകയായിരുന്നു. സര്‍ക്കാര്‍ ജോലികളിലും ഉയര്‍ന്ന പൊതു-സ്വകാര്യ അക്കാദമിക് സ്ഥാപനങ്ങളിലും സംവരണമില്ലാത്ത വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതോടെ 20 ഓളം ഹരജികളാണ് സുപ്രിം കോടതിയിലെത്തിയത്. എസ് സി, എസ്ടി, ഒബിസി തുടങ്ങിയ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഇഡബ്ല്യുഎസ് ക്വാട്ട പ്രയോജനപ്പെടുത്തുന്നതില്‍ നിന്ന് ഒഴിവാക്കുന്ന സുപ്രിം കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഈ വിധി പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതിയോട് അഭ്യര്‍ഥിക്കുന്നതായി ബിഎം കാംബ്ലെ വ്യക്തമാക്കി.
