തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ എസ്ഡിപിഐക്ക് ഒരു സീറ്റ്

Update: 2026-03-27 12:37 GMT
ചെന്നൈ: ഏപ്രില്‍ 23 ന് നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നയിക്കുന്ന മുന്നണിയില്‍ എസ്ഡിപിഐ, എംപിപി, എംജെകെ എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതം അനുവദിച്ചു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) മല്‍സരിക്കുന്ന സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായത്. തിരുവാരൂര്‍ ജില്ലയിലെ നണ്ണിലം മണ്ഡലമാണ് ഡിഎംകെ അനുവദിച്ചത്. മറ്റൊരു മണ്ഡലത്തിലേക്ക് മാറുന്നത് സംബന്ധിച്ചും ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മൂന്ന് സീറ്റാണ് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നത്. ഒരെണ്ണം ചെന്നൈയില്‍ തന്നെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായി.

എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് നെല്ലയ് മുബാറക് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ഡിഎംകെ ചിഹ്നമായ ഉദയസൂര്യന്‍ ആയിരിക്കും നെല്ലയ് മുബാറകിന്റെയും തെരഞ്ഞെടുപ്പ് ചിഹ്നം. ഇതുസംബന്ധിച്ച കരാര്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐയും ഡിഎംകെയും ഒപ്പുവെച്ചു. ഡിഎംകെ സഖ്യത്തിലുള്ള മുസ്ലിം ലീഗിന്റെ മൂന്ന് സീറ്റ് രണ്ടായി കുറച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വിപുലമായ സംഘടനാ ഘടനയുള്ള എസ്ഡിപിഐക്ക് ഡിഎംകെ മുന്നണിയില്‍ പ്രവേശിക്കാനായത് വലിയ നേട്ടമായി.

ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ കോണ്‍ഗ്രസ്, സിപിഐ , സിപിഎം, മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈ മക്കള്‍ കക്ഷി, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, മനിതനേയ മക്കള്‍ കക്ഷി അടക്കമുള്ള പാര്‍ട്ടികളുണ്ട്.

ഡിഎംകെ നയിക്കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സിന്റെ ഭാഗമായി തമിമുന്‍ അന്‍സാരി നയിക്കുന്ന മനിതനേയ ജനനായക കച്ചി (എംജെകെ), നടന്‍ കരുണാസിന്റെ നേതൃത്വത്തിലുള്ള മുക്കുളത്തൂര്‍ പുലി പടൈ (എംപിപി) എന്നിവയ്ക്ക് ഓരോ സീറ്റ് വീതവും അനുവദിച്ചു.

ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ബുധനാഴ്ച ഡിഎംകെ പ്രതിനിധി സംഘവുമായി ഘടകകക്ഷി പാര്‍ട്ടികളുടെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. എല്ലാ പാര്‍ട്ടികളും ഡിഎംകെയുടെ 'ഉദയസൂര്യന്‍' ചിഹ്നത്തിലാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ഡിഎംകെ ഒമ്പത് സഖ്യകക്ഷികളുമായി സീറ്റ് പങ്കിടല്‍ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ആകെ 234 നിയമസഭാ സീറ്റുകളില്‍ 66 എണ്ണമാണ് ഘടകകക്ഷികള്‍ക്ക് അനുവദിച്ചത്. ദീര്‍ഘകാല സഖ്യകക്ഷിയായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് (ഐയുഎംഎല്‍), മണിതനേയ മക്കള്‍ കച്ചി (എംഎംകെ) എന്നിവയ്ക്ക് രണ്ട് സീറ്റുകള്‍ വീതവും, പ്രധാന സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 28 സീറ്റുകള്‍, എംഡിഎംകെയ്ക്ക് നാല്, കെഎംഡികെയ്ക്ക് രണ്ട്, സിപിഐ, സിപിഐ-എം എന്നിവയ്ക്ക് അഞ്ച് സീറ്റുകള്‍ വീതവും, വിസികെയ്ക്ക് എട്ട്, ഡിഎംകെയുമായി ആദ്യമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെയ്ക്ക് 10 സീറ്റുകള്‍ വീതവും അനുവദിച്ചിട്ടുണ്ട്. അതേസമയം, നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്റെ എംഎന്‍എം മത്സരത്തില്‍ നിന്ന് വിട്ടുനിന്നു. മെയ് മാസത്തില്‍ ഡിഎംകെയുടെ ദ്രാവിഡ മോഡല്‍ 2.0 സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഡിഎംകെ നയിക്കുന്ന മുന്നണിക്ക് തന്റെ പാര്‍ട്ടിയുടെ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തു. ശേഷിക്കുന്ന 168 സീറ്റുകളില്‍ ഡിഎംകെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.

Tags: