എസ്ഡിപിഐ നേതാവിന് വെട്ടേറ്റു; കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കി പോലിസ്

ഏഴംഗ സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

Update: 2020-03-10 18:24 GMT

കോയമ്പത്തൂര്‍: എസ്ഡിപിഐ നേതാവിന് മര്‍ദ്ദനമേറ്റു. കോയമ്പത്തൂരില്‍ സുരക്ഷ ശക്തമാക്കി പോലിസ്. ജില്ലാ സെക്രട്ടറി ഇക്ബാലിനാണ് മര്‍ദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് വച്ചായിരുന്നു ആക്രമണം. ഏഴംഗ സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

ബുധനാഴ്ച രാത്രി മുതല്‍ മേഖല സംഘര്‍ഷഭരിതമാണ്. ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഹിന്ദു മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപുരത്ത് നടന്ന സിഎഎ അനുകൂല പരിപാടിയോടനുബന്ധിച്ചാണ് മേഖലയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് നേതാക്കള്‍ ഇവിടെ നടത്തിയത്.

സിഎഎ അനുകൂല ധര്‍ണയില്‍ പങ്കെടുത്ത് മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്ന പോത്തന്നൂര്‍ ബസാര്‍ സ്ട്രീറ്റിലെ ഹിന്ദു മുന്നണി (എച്ച്എം) ജില്ലാ സെക്രട്ടറി എം ആനന്ദിന് (33) അജ്ഞാതരുടെ മര്‍ദ്ദനമേറ്റിരുന്നു. നഞ്ചുണ്ടപുരം പോത്തനൂര്‍ റോഡിലെ ഫ്‌ലൈ ഓവറില്‍ എത്തിയപ്പോള്‍ രണ്ടു മോട്ടോര്‍ സൈക്കിളുകളിലായെത്തിവരാണ് ഇയാളെ ആക്രമിച്ചത്.സംഭവത്തില്‍ പോത്തന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അക്രമികളെ അറസ്റ്റ് ചെയ്യാന്‍ മൂന്ന് പ്രത്യേക ടീമുകള്‍ രൂപീകരിക്കുകയും ചെയ്തു.

വ്യാഴാഴ്ച സിഎംസിഎച്ചില്‍ തടിച്ചുകൂടിയ നിരവധി ഹിന്ദു സംഘടനകളിലെ അംഗങ്ങള്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹമ്മദ് ഗനിയെ അകാരണമായി ആക്രമിക്കുകയായിരുന്നു. പോലിസെത്തിയാണ് ഇയാളെ രക്ഷിച്ചത്. തലയ്ക്ക് പരിക്കേറ്റ ഖാനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖാനിയെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മീറ്റര്‍ ഓട്ടോ അസോസിയേഷന്‍ അംഗങ്ങള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. ഇതിനിടെ, ഗണപതിയിലെ വേദാംബല്‍ നഗറിലെ ഹിദായത്തുല്‍ സുന്നത്ത് ജമാത്ത് വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പെട്രോള്‍ ബോംബെറിഞ്ഞു. എന്നാല്‍, ബോംബ് പൊട്ടാതിരുന്നതോടെ കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. ഇതിനു തിരിച്ചടിയെന്നോണം ഹിന്ദു മുന്നണിയുടെ ഓഫിസിനു നേരെയും ആക്രമണമുണ്ടായി.

ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജയന്ത് മുരളിയും എഡിജിപി ശങ്കര്‍ ജിവാള്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.ക്രമസമാധാന പാലനത്തിനായി 1,500 പോലീസുകാരെയും ദ്രുത ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഫ്) ഉദ്യോഗസ്ഥരെയും കോയമ്പത്തൂരില്‍ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ സുമിത് ശരണ്‍ പറഞ്ഞു.

Tags:    

Similar News