ഭാഷയുടെ പേരിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്നത് സ്വാതന്ത്ര്യത്തിനെതിരെയുള്ള കൈയ്യേറ്റം: എസ്ഡിപിഐ
തിരൂർ : ഭാഷയുടെ പേരിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്നത് പൗര സ്വാതന്ത്ര്യത്തിനെതിരെയുള്ള കയ്യേറ്റ മാണെന്ന് എസ്ഡിപിഐ ദേശീയ കമ്മിറ്റി അംഗം സി പി എ ലത്തീഫ് പറഞ്ഞു.
നമ്മുടെ കേരളം, നമ്മുടെ മലയാളം എന്ന ആശയം ഉയർത്തി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി 'മലയാളം ഒരുമയും പെരുമയും' എന്ന് വിഷയത്തിൽ തിരൂർ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാ വൈവിധ്യങ്ങളെ പൊളിച്ചടുക്കി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ഒരുമയിലൂടെയെ പെരുമയുണ്ടാവൂ.
രാജ്യത്തിന്റെ സവിശേഷവും ചരിത്രപരവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കി, ഫെഡറലിസത്തെ പോലും തകര്‍ത്തെറിഞ്ഞ് ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു ഭാഷാ തുടങ്ങി ഏകശിലാ ധ്രുവത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടം അതിവേഗം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ ഇത്തരത്തില്‍ ഭാഷാ വൈവിധ്യങ്ങളെ ദേശഘടനയുടെ രൂപകല്‍പ്പനയ്ക്ക് പരുവപ്പെടുത്തിയ ദിനം ആഘോഷിക്കല്‍ ഒരു പോരാട്ടമാണ്.
ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്നിവ നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം വളരെ മുമ്പേ തുടങ്ങിയതാണ്. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഫെഡറലിസത്തിനും എതിരാണ്. വ്യത്യസ്ത ഭാഷകളും സംസ്‌കാരവും കാലങ്ങളായി തുടരുന്ന രാജ്യത്ത് ഹിന്ദി നിര്‍ബന്ധിത പൊതുഭാഷയാക്കാനുള്ള ശ്രമം രാജ്യത്ത് രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കണ്ണൂർ സിബ്ഗ മലയാളം അസി. പ്രഫസർ മുഹമ്മദ് സാദിഖ് പറഞ്ഞു.
ഡോ. സിഎച്ച് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണൻ എരഞ്ഞിക്കൽ ( സംസ്ഥാന കമ്മിറ്റി സെക്രട്ടറി), അഡ്വ. സാദിഖ് നടുത്തൊടി, ബാബുരാജ് ഭഗവതി ( പത്ര പ്രവർത്തകൻ) തുടങ്ങിയവർ സംസാരിച്ചു. ഷെരീഖാൻ സ്വാഗതവും നജീബ് തിരൂർ നന്ദിയും പറഞ്ഞു.
