ജനമുന്നേറ്റ യാത്രയ്ക്ക് തിങ്കളാഴ്ച കോഴിക്കോട്ട് സ്വീകരണം

Update: 2024-02-17 08:16 GMT

കോഴിക്കോട്: 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് ഫെബ്രുവരി 19 തിങ്കളാഴ്ച കോഴിക്കോട്ട് സ്വീകരണം നല്‍കുമെന്ന് എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി അറിയിച്ചു. അടിവാരത്ത് നിന്ന് ഉച്ചയ്ക്ക് 2.30ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വൈകീട്ട് 6ന് കോഴിക്കോട് ബീച്ചിലെത്തുന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കും. ബീച്ചില്‍ നിന്ന് വൈകീട്ട് ആറിന് ബഹുജന റാലി മുതലക്കുളത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളനം എസ് ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്ക് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിക്കും. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹനയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്.

    രാജ്യം സ്വാതന്ത്രം നേടി ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ രാജ്യത്ത് കൂടുതല്‍ നടപ്പാക്കുന്നതിന് പകരം പൗരാവകാശങ്ങളും ഫെഡറലിസവും ഭരണഘടന തന്നെയും തകര്‍ക്കപ്പെടുന്ന സാഹചര്യമാണ് രൂപപ്പെട്ടത്. തൊഴിലില്ലായ്മ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. എതിര്‍ശബ്ദങ്ങളെ പൂര്‍ണമായും അടിച്ചൊതുക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കരിനിയമങ്ങളുടെ ബലത്തില്‍ ജനവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കി രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് പണയംവയ്ക്കുകയാണ്. ബിജെപി ഇതര സര്‍ക്കാറുകളെ അര്‍ഹതപ്പെട്ട നികുതി വരുമാനം തടഞ്ഞുവച്ചും ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഭരണസ്തംഭനാവസ്ഥ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാവുന്ന ഇത്തരം നിലപാടുകള്‍ക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ജനാധിപിത്യ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ യുദ്ധസമാനമായ സാഹചര്യം തീര്‍ത്ത് അതിക്രൂരമായി നേരിടുകയാണ് സര്‍ക്കാര്‍.

    രാജ്യത്തിന്റെ എല്ലാ മേഖലയും തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ വീണ്ടെടുപ്പിന് രാജ്യത്തെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ച് ഫെബ്രുവരി 14ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച ജനമുന്നേറ്റ യാത്രയ്ക്ക് 19ന് കോഴിക്കോട് ജില്ലയില്‍ നല്‍കുന്ന സ്വീകരണം ജനകീയ റാലിയോടെ മുതലക്കുളത്ത് സമാപിക്കും. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി റഹ്മത്ത് നെല്ലൂളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലന്‍ നടുവണ്ണൂര്‍, പി ടി അബ്ദുല്‍ ഖയ്യൂം, പി വി ജോര്‍ജ് പങ്കെടുത്തു.

Tags:    

Similar News