ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിലൂടെ ഫാഷിസത്തെ അതിജീവിക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

എസ് ഡിപിഐ രൂപീകരണ ദിനം സമുചിതം ആചരിച്ചു

Update: 2023-06-21 09:06 GMT

തിരുവനന്തപുരം: രാജ്യത്ത് ഫാഷിസം വളര്‍ന്നത് സാമ്പ്രദായിക പ്രസ്ഥാനങ്ങളുടെ തണലിലാണെന്നും ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിലൂടെ അതിനെ അതിജീവിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. പാര്‍ട്ടിയുടെ 15ാം രൂപീകരണ ദിനത്തോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സാമൂഹിക ജനാധിപത്യ രാഷ്ട്ര നിര്‍മിതിക്കായി പൗരബോധമുള്ള ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമാണ്. രാജ്യത്ത് ജനാധിപത്യവാദിക്ക് വിശ്രമിക്കാന്‍ സമയമില്ല. സര്‍വതും ഫാഷിസം കൈപ്പിടിയിലൊതുക്കി രാഷ്ട്ര സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണ്. ആഭ്യന്തര മൂലധനശക്തികള്‍ക്ക് രാഷ്ട്രസമ്പത്ത് തീറെഴുതിക്കൊണ്ടിരിക്കുന്നു. രാജ്യം മുഴുവനും കൊള്ളയടിച്ചും കൈപ്പിടിയിലൊതുക്കിയും രാജ്യഭൂരിപക്ഷത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിജീവനത്തിന് ആശയാടിത്തറയുള്ള ജനമുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

    രൂപീകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി ഓഫിസിനു മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പതാക ഉയര്‍ത്തി. കോഴിക്കോട് റീജ്യനല്‍ ഓഫിസിനു മുമ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് സന്ദേശം നല്‍കി. ജില്ലാ, മണ്ഡലം, മുനിസിപല്‍, പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളിലും പതാക ഉയര്‍ത്തി. രൂപീകരണദിനത്തോടനുബന്ധിച്ച് സേവന സമര്‍പ്പണ വാരമായി ആചരിച്ചു. രക്തദാനം, ശുചീകരണം, ആദരിക്കല്‍, ഗൃഹസന്ദര്‍ശനം, മധുര വിതരണം, സേവനസന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് ഇത്തവണ രൂപീകരണ ദിനമാചരിച്ചത്.

Tags:    

Similar News