ജനാധിപത്യ സമരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായ പകപോക്കലാണ് പാലക്കാട് പോലിസ് നടത്തുന്നത്: കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2022-11-27 02:47 GMT

ചെര്‍പ്പുളശ്ശേരി : ജനാധിപത്യ സമരങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരഞ്ഞുപിടിച്ചുള്ള പകപോക്കലാണ് പാലക്കാട് പോലിസ് നടത്തുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മറ്റി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ജില്ലയില്‍ നടത്തുന്ന കാംപയിനിന്റെ ഭാഗമായി ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നടന്ന വാഹന പ്രചാരണ ജാഥയുടെ മണ്ഡലംതല സമാപന സമ്മേളനവും പ്രതിഷേധ സംഗമവും ചെര്‍പ്പുളശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീതിയോടെ പ്രവര്‍ത്തിക്കാന്‍ പാലക്കാട് പോലീസ് തയ്യാറാവണം. കേരള പോലീസിന്റെ നിയന്ത്രണം ആര്‍എസ്എസ് ഓഫീസില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോലീസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. സുരേന്ദ്രനെതിരെ ചെറുവിരലനക്കാന്‍ പിണറായി പോലീസിന് കഴിയുന്നില്ല. എസ്ഡിപിഐ നേതാക്കള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാനും പകപോക്കല്‍ നടപടി അവസാനിപ്പിക്കാനും പോലീസ് തയ്യാറാവണം. രാജ്യം തകര്‍ന്നു പോകാതിരിക്കാന്‍ ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കണം. രാജ്യത്തിന്റെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടിയാണ് എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നത്. മതേതര രാജ്യമായി ഇന്ത്യ നിലനില്‍ക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മൂല്യങ്ങളും തകര്‍ത്തെറിഞ്ഞ് ഏകശിലാ രാഷ്ട്ര നിര്‍മിതിയാണ് സംഘപരിവാര ഫാഷിസം ലക്ഷ്യം വെക്കുന്നത്. അവര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടികളാണ് ചില ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാവുന്നത്. ഫാഷിസമാണ് ഇന്ത്യ ഭരിക്കുന്നതെന്ന തിരിച്ചറിവോടെ തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. തടവറകള്‍ സൃഷ്ടിച്ച് ജനാധിപത്യ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്താന്‍ രാജ്യം ഭരിക്കുന്ന സംഘപരിവാരത്തിന് സാധിച്ചേക്കാം. എന്നാല്‍ തങ്ങളുടെ ധീരമായ മനസുകളെ കീഴ്‌പ്പെടുത്താന്‍ അവര്‍ക്കാവില്ലെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

വൈകീട്ട് നാലിന് ഒറ്റപ്പാലം റോഡില്‍ പഴയ കെഎസ്ഇബി ഓഫീസ് പരിസരത്ത് നിന്നും പ്രതിഷേധറാലി ആരംഭിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ കമ്മറ്റിയംഗം സക്കീര്‍ ഹുസൈന്‍, മണ്ഡലം പ്രസിഡന്റ് റഹീം തൂത, മണ്ഡലം സെക്രട്ടറി സിദ്ദീഖ് ഷൊര്‍ണൂര്‍ സംസാരിച്ചു.

Similar News