സംഘപരിവാരത്തെ തൂത്തെറിയും വരെ പ്രക്ഷോഭം തുടരണം: നെല്ലൈ മുബാറക്

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ടിപ്പു സുല്‍ത്താന്റെയും പിന്‍മുറക്കാരാണ് സമര തെരുവിലുള്ളത്. ആയതിനാല്‍ സംഘപരിവാരത്തെ തൂത്തെറിയുന്നതുവരെ തെരുവുകളിലുണ്ടാവണമെന്നും നെല്ലൈ മുബാറക് പറഞ്ഞു.

Update: 2020-03-02 16:32 GMT

കണ്ണൂര്‍: പൗരത്വ പ്രക്ഷോഭം എന്‍ആര്‍സിയും സിഎഎയും പിന്‍വലിച്ചാലും അവസാനിപ്പിക്കില്ലെന്നും സംഘപരിവാരത്തെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തൂത്തെറിയും വരെ തുടരുമെന്നും എസ്‌സിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്. പൗരത്വപ്രക്ഷോഭത്തിന്റെ ഭാഗമായി 'കാഗസ് നഹീ ദികായേംഗേ' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ദേശീയതലത്തില്‍ നടത്തുന്ന കാംപയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടത്തിയ അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യമാകെ പ്രക്ഷോഭം പടര്‍ന്നു പിടിച്ചതോടെ നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ടും സംഘപരിവാര ഭരണകൂടവും ഭീതിയിലാണ്ടിരിക്കുകയാണ്. അതിന്റെ പ്രത്യക്ഷമായ തെളിവാണ്, എന്ത് പ്രക്ഷോഭം നടത്തിയാലും ഭയപ്പെടില്ലെന്ന് അവര്‍ പറയുന്നത്. ഭയം പിടികൂടിയ വെപ്രാളത്തില്‍ നിന്നാണ് ഭയമില്ലെന്ന വാക്ക് ഇടയ്ക്കിടെ പുറത്തു വരുന്നത്. പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭം തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് വ്യാപിക്കുകയാണ്. കേന്ദ്രവും പോലിസും ചോരയില്‍ മുക്കി പ്രക്ഷോഭത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്തോറും രാജ്യമെങ്ങും ശാഹീന്‍ ബാഗുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മാത്രം 40ലേറെ ശാഹീന്‍ ബാഗുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കേരളത്തിലും പൗരത്വ പ്രക്ഷോഭങ്ങളെ കള്ളക്കേസിലൂടെയും മറ്റും അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ഞങ്ങളുടെ നേതൃത്യത്തില്‍ മാത്രം പ്രക്ഷോഭം നടത്തിയാല്‍ മതിയെന്നാണ്. അവരല്ലാത്തവര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ അംഗീകരിക്കാനാവില്ലെന്ന മാടമ്പി നയമാണ് സ്വീകരിക്കുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ പിണറായി വിജയന്‍ പരാജയനായി മാറുമെന്നാണ് പറയാനുള്ളത്.

ദലിതുകളും മുസ്‌ലിംകളും ഒറ്റക്കെട്ടായി രംഗത്തെത്തുമ്പോള്‍ അതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്നാലിത് വിജയിക്കാനുള്ള സമരമാണെന്നതില്‍ സംശയമില്ല. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ടിപ്പു സുല്‍ത്താന്റെയും പിന്‍മുറക്കാരാണ് സമര തെരുവിലുള്ളത്. ആയതിനാല്‍ സംഘപരിവാരത്തെ തൂത്തെറിയുന്നതുവരെ തെരുവുകളിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍, രാഷ്ട്രീയസാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. കസ്തൂരി ദേവന്‍, വുമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിനിധി നഫീസത്തുല്‍ മിസ്രിയ, ഇബ്രാഹീം കൂത്തുപറമ്പ്, ബി ശംസുദ്ദീന്‍ മൗലവി സംസാരിച്ചു.

സി കെ ഉമര്‍ മാസ്റ്റര്‍, പി ടി വി ശംസീര്‍, എ ഫൈസല്‍, പി കെ ഇഖ്ബാല്‍, എ പി മുസ്തഫ സംബന്ധിച്ചു. മാര്‍ച്ച് 2 മുതല്‍ 7 വരെയാണ് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിച്ചിട്ടുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. അഫ്‌റ അബ്ദുല്ല, ഷഫീഖ് ഷാ കമ്പില്‍, മുഹമ്മദലി വാരം തുടങ്ങിയവരുടെ പോരാട്ട ഗാനങ്ങളും എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഭരണകൂട കുറ്റവിചാരണ, അതിജീവന കലാ സംഘത്തിന്റെ നാടകം എന്നിവ അരങ്ങേറി.

Tags:    

Similar News