കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനത്ത് സ്‌കൂളുകളും കോളജുകളും നാളെ തുറക്കും

Update: 2020-12-31 09:39 GMT

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനത്ത് സ്‌കൂളുകളും കോളജുകളും നാളെ തുറക്കും. പത്താംക്ലാസ്, പ്ലസ്ടു കുട്ടികളാണ് നാളെ സ്‌കൂളിലെത്തുക. പകുത്തി കുട്ടികള്‍ ഒരു ദിവസം സ്‌കൂളിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കൊവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. പറഞ്ഞു. അധ്യയനവര്‍ഷം തുടങ്ങി ഏഴു മാസത്തിനു ശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസ്. മാര്‍ച്ച് 16 വരെ ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. കൊവിഡിന്റെ ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍വഴിയാണ് നടത്തിയത്. പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കില്ല. ജനുവരി ആദ്യവാരത്തോടെ സ്‌കൂള്‍, കോളേജുതല ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിദ്യാര്‍ത്ഥികളാരും തന്നെ പേടിച്ച് സ്‌കൂളിലെത്താതിരിക്കരുത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും നമുക്കാരംഭിക്കാം. പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയദൂരീകരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം. ഇതോടൊപ്പം മാതൃകാ പരീക്ഷകളുമുണ്ടാകും. പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസുകളിലെ പ്രകടനം, ക്ലാസ് ടെസ്റ്റുകള്‍, ഇനിയുള്ള ക്ലാസുകളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാകും നിരന്തര മൂല്യനിര്‍ണയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. നാളെ തുറക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളും സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും പ്രവര്‍ത്തനമെന്ന് സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച് വലിപ്പമുള്ള മാസ്‌കുകള്‍ ഉപയോഗിക്കുക. യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തുന്നെങ്കില്‍ മാസ്‌ക് വച്ച് സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം മാസ്‌ക് മാറ്റുക.എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്.കൈകള്‍ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. ക്ലാസ്മുറിക്ക് പുറത്തോ സ്‌കൂള്‍ പരിസരത്തോ കൂട്ടംകൂടി നില്‍ക്കരുത്. അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്. യാതൊരു കാരണവശാലും പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല. ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം. പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തിലുള്ളതോ ആയ കുട്ടികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒരു കാരണവശാലും ക്ലാസുകളില്‍ വരാന്‍ പാടില്ല. ഇത് പ്രധാന അധ്യാപകരും മറ്റധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കളുമായി അധ്യാപകര്‍ ആശയ വിനിമയം നടത്തേണ്ടതാണ്. അഥവാ വന്നാല്‍ അടുത്തുളള സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായോ അല്ലെങ്കില്‍ ദിശയുമായോ (1056, 0471 2552056) ബന്ധപ്പെടുക. ഓരോ കുട്ടിയും കുടിവെളളം പ്രത്യേകം കുപ്പിയില്‍ കൊണ്ടുവരണം.