സ്‌കൂള്‍ സര്‍വീസസ് കമ്മീഷന്‍ നിയമന കുംഭകോണം; ബംഗാളില്‍ 25,753 അധ്യാപകരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Update: 2024-04-22 11:41 GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മീഷന്‍ നിയമന കുംഭകോണത്തില്‍ മുഴുവന്‍ നിയമനങ്ങളും റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. 25,753 അധ്യാപക നിയമനങ്ങളാണ് കോടതി റദ്ദാക്കിയത്. ഇവര്‍ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും ചേര്‍ത്ത് നാലാഴ്ചക്കകം തിരിച്ചുനല്‍കണമെന്നും കോടതി പറഞ്ഞു. അതേസമയം കാന്‍സര്‍ ബാധിതനായ സോമദാസ് എന്നയാള്‍ക്ക് മാത്രം കോടതി ഇളവ് നല്‍കിയിട്ടുണ്ട്. മാനുഷിക പരിഗണന വെച്ചാണ് അദ്ദേഹത്തിന് ഇളവ് നല്‍കിയതെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ദെബാങ്‌സു ബസാക്, എം.ഡി ഷബ്ബാര്‍ റാഷിദി എന്നിവരുടെ ബെഞ്ചാണ് നിയമനങ്ങള്‍ അസാധുവാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സി.ബി.ഐയോട് നിര്‍ദേശിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ഥയുടെ സഹായി അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍നിന്ന് 21 കോടിയുടെ നോട്ടുകെട്ടുകളും ഒരു കോടിയുടെ സ്വര്‍ണവും ഇ.ഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ രാഷ്ട്രീയ വിസ്‌ഫോടനമുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 26,000 പേരുടെ തൊഴില്‍ ഇല്ലാതാക്കി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതാണോ വിസ്‌ഫോടനം? കോടതി എന്ത് വിധിയെഴുതുമെന്ന് ബി.ജെ.പി നേതാക്കള്‍ എങ്ങനെയാണ് നേരത്തെ അറിഞ്ഞതെന്നും മമത ചോദിച്ചു.






Tags: