നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ച വായ്പകൾക്ക് മൊറട്ടോറിയം ആവശ്യപ്പെട്ടുള്ള ഹരജി കേൾക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു

ഏതെങ്കിലും അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നതിനുള്ള 90 ദിവസത്തെ കാലയളവ് സുപ്രിംകോടതി വിധിയുടെ ദിവസമായ മാർച്ച് 23 മുതൽ കണക്കാക്കണമെന്ന് ഹരജിയിലൂടെ അപേക്ഷകൻ ആവശ്യപ്പെട്ടു

Update: 2021-07-09 10:56 GMT

ന്യൂഡൽഹി: നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ച വായ്പ അക്കൗണ്ടുകൾക്ക് മൊറട്ടോറിയം ആവശ്യപ്പെട്ടുള്ള ഹരജി കേൾക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു.സുപ്രിംകോടതിയുടെ മാർച്ച് 23 ലെ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ഹരജിക്കാരൻ അഭിഭാഷകൻ വിശാൽ തിവാരി ആവശ്യപ്പെട്ടിരുന്നു.

വായ്പാ മൊറട്ടോറിയം പദ്ധതിയുടെ കാലയളവിൽ തവണകളായി പലിശ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ കേൾക്കുന്നതുവരെ നിഷ്ക്രിയ ആസ്തി ആയി 2020 ആ​ഗസ്ത് 31 വരെ പ്രഖ്യാപിച്ചിട്ടില്ലാത്ത അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് കോടതി 2020 സെപ്തംബറിൽ പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിൽ വായ്പക്കാർക്ക് ആശ്വാസം നൽകുന്നതിനാണ് മൊറട്ടോറിയം പദ്ധതി കൊണ്ടുവന്നത്.

കോടതിയുടെ മാർച്ച് 23 ലെ ഉത്തരവിനുശേഷം, ബാങ്കുകൾക്ക് സ്റ്റാൻഡേർഡ് അക്കൗണ്ടുകളിൽ നിഷ്‌ക്രിയ ആസ്തി മാനദണ്ഡങ്ങൾ ഏർപ്പെടുത്താമെന്ന് തിവാരിയുടെ ഹരജിയിൽ പറയുന്നു. എന്നിരുന്നാലും, 90 ദിവസമോ അതിൽ കൂടുതലോ തിരിച്ചടവ് നടത്തിയില്ലെങ്കിൽ മാത്രമേ വായ്പക്കാരന്റെ സ്റ്റാൻഡേർഡ് അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കാൻ കഴിയൂ എന്ന് നിയമം അനുശാസിക്കുന്നു.

ഏതെങ്കിലും അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നതിനുള്ള 90 ദിവസത്തെ കാലയളവ് സുപ്രിംകോടതി വിധിയുടെ ദിവസമായ മാർച്ച് 23 മുതൽ കണക്കാക്കണമെന്ന് ഹരജിയിലൂടെ അപേക്ഷകൻ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഹരജി നിരസിച്ചു. ഇത് കേന്ദ്രസർക്കാർ സ്വീകരിച്ച നയപരമായ തീരുമാനമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടാണ് ഹരജി നിരസിച്ചത്.